
വേനൽക്കാലം വന്നതോടെ സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിർബന്ധമാക്കാനാണ് ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഈ കാലാവസ്ഥയിൽ നിർജലീകരണം സംഭവിക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. വേനൽക്കാലം വന്നതോടെ ഏവരുടെയും പ്രിയപ്പെട്ട മാമ്പഴവും സുലഭമായി ലഭിക്കാൻ തുടങ്ങി. മധുരം നിറഞ്ഞതും സ്വാദൂറുന്നതുമായ മാമ്പഴം ആർക്കാണിഷ്ടമല്ലാത്തത്. പച്ച മാങ്ങ മുതൽ മാമ്പഴ ജ്യൂസ് വരെ എല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്. മാങ്ങയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് ധാരാളം മാമ്പഴം കഴിക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദ്ധയായ അഞ്ജലി മുഖർജി ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത് നോക്കാം.
മാമ്പഴം ഉൾപ്പെടെ ഏത് പഴങ്ങൾ കഴിക്കുന്നതിന് മുമ്പും നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ നിലവിലെ ആരോഗ്യനില അനുസരിച്ച് വേണം ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതെല്ലാമാണ് ഒഴിവാക്കേണ്ടത് എന്നത് തീരുമാനിക്കാൻ. നിങ്ങൾ പ്രമേഹ രോഗിയോ കൊളസ്ട്രോളുള്ളവരോ ആണെങ്കിൽ മാമ്പഴം അധികമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിലും മാമ്പഴം കഴിക്കുന്നത് ദോഷം ചെയ്യും. മാമ്പഴം കഴിക്കുമ്പോൾ അതിലെ മധുരം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിക്കുകയും ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന അസുഖത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ അമിതമായി മാമ്പഴം കഴിക്കുന്ന രോഗികളിൽ പ്രമേഹം വർദ്ധിക്കുന്നു എന്നത് മാത്രമല്ല കരൾ രോഗമുണ്ടാകുന്നതിനും കാരണമാകുന്നു. എന്നാൽ ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കിൽ മാമ്പഴം കഴിക്കാവുന്നതാണെന്നും മുഖർജി പറഞ്ഞു.