police

കോഴിക്കോട്: മലിനജല പ്ലാന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ജനങ്ങൾ. പ്രതിഷേധം നടത്തിയ സ്‌ത്രീകളെയടക്കമുള്ളവരെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കോഴിക്കോട് കോതിയിലാണ് സംഭവം.

സമരക്കാരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സ്ഥലത്ത് നിന്നും നീക്കിയത്. ഈ നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി. മലിനജല പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാൻ ഉദ്യോ​ഗസ്ഥർ എത്താൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം തുടങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് മലിന ജല പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ജനം പ്രതിഷേധം തുടങ്ങിയപ്പോൾ അവർക്ക് തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ പദ്ധതി നേരിൽ കാണിച്ചുകൊടുത്ത് കൊണ്ട് പ്രതിഷേധം ശമിപ്പിക്കാനാണ് കോർപറേഷൻ നേരത്തെ ശ്രമിച്ചത്.

കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും മേയറുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടെയുള്ള നാല്‍പ്പതംഗ സംഘമാണ് തിരുവനന്തപുരത്തെ പ്ലാന്റ് സന്ദര്‍ശിച്ചത്. ദുര്‍ഗന്ധമോ പരിസര മലിനീകരണമോ ഒന്നുമില്ലാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

കോതിയില്‍ ആറ് ദശലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കാൻ ഒരുങ്ങുന്നത്. ആവിക്കല്‍ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റ് നിര്‍മിക്കാനും അനുമതിയുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ഫണ്ടും വകയിരുത്തിയിട്ടുണ്ട്.