
ബംഗളൂരു: ക്ഷേത്രകവാടങ്ങളിൽ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധ ക്ഷേത്രത്തിലെ അന്നദാനത്തിനായി സംഭാവന നൽകിയത് ഒരു ലക്ഷം രൂപ. കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഭിക്ഷ യാചിച്ചിരുന്ന എൺപതുകാരിയായ അശ്വതമ്മയാണ് രാജരാജേശ്വരി ക്ഷേത്രത്തിന് സംഭാവന നൽകിയത്.
ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിൽ ഗംഗോളിയ്ക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിലാണ് അശ്വതമ്മ താമസിക്കുന്നത്. പതിനെട്ട് വർഷം മുൻപ് ഭർത്താവ് മരിച്ചു. അതിന് ശേഷം വിവിധ ക്ഷേത്രങ്ങളിൽ ഭിക്ഷ യാചിച്ചാണ് അശ്വതമ്മ കഴിഞ്ഞുപോന്നത്. ഭിക്ഷയാചിച്ച് കിട്ടുന്നതിൽ വളരെ ചെറിയ പങ്ക് മാത്രം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ബാക്കി പണം കാരുണ്യപ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങൾക്ക് സംഭാവന നൽകാനുമാണ് അശ്വതമ്മ ചിലവഴിച്ചിരുന്നത്.
രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കവാടത്തിൽ ഭിക്ഷയാചിച്ച് കിട്ടിയ ഒരു ലക്ഷം രൂപയാണ് ക്ഷേത്രത്തിന് തന്നെ അവർ സംഭാവന നൽകിയത്. ഒരു മാസം കൊണ്ടാണ് അശ്വതമ്മയ്ക്ക് ഇത്രയും തുക ലഭിച്ചത്. വെള്ളിയാഴ്ച അന്നദാനം നടത്തുന്നതിനായി തുക ക്ഷേത്രം ട്രസ്റ്റികൾക്ക് കൈമാറി. തനിക്ക് സമൂഹത്തിൽ നിന്നും ലഭിച്ച പണം തിരികെ നൽകുകയാണെന്നും ആരും പട്ടിണി കിടക്കാതിരിക്കാനാണ് അന്നദാനം നൽകുന്നതെന്നും അശ്വതമ്മ പറയുന്നു.
രാജരാജേശ്വരി ക്ഷേത്രത്തിന് പുറമേ ശബരിമലയിലും കർണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അശ്വതമ്മ അന്നദാനം നടത്തിയിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ അനാഥാലയങ്ങൾക്കും അവർ സംഭാവന നൽകിയിരുന്നു.