
ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെ പറ്റി നിരവധി ആശയങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് പാൻസ്‌പെർമിയ സിദ്ധാന്തം. എവിടെയോ ഉത്ഭവിച്ച ജീവൻ പ്രപഞ്ചത്തിലുടനീളം നിലനിൽക്കുന്നുവെന്നും ഛിന്നഗ്രഹങ്ങൾ വഴിയോ ധൂമകേതുക്കൾ വഴിയോ അല്ലെങ്കിൽ ഉൽക്കകൾ വഴിയോ ആണ് അവ ഭൂമിയിലെത്തിയതെന്ന അനുമാനമാണ് പാൻസ്‌പെർമിയ തിയറി. പക്ഷെ ഇതിനെ ശാസ്ത്രലോകം പാടെ തള്ളിക്കളയുകയാണുണ്ടായത്. പകരം ഒപ്പാരിൻ, ഹാൽഡേൻ എന്നീ രണ്ട് ശാസ്ത്രജ്ഞർ ചേർന്ന് നിർദേശിച്ച രാസപരിണാമ സിദ്ധാന്തത്തെയാണ് ശാസ്ത്രലോകം ഇത് വരെ അംഗീകരിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ശാസ്ത്രീയ അടിത്തറകളൊന്നും കൂടാതെ ഒരു അനുമാനമായി പറഞ്ഞുവച്ച പാൻസ്‌പെർമിയ സിദ്ധാന്തം ശരിയാണെന്ന് സമ്മതിക്കേണ്ടി വരും.
ജീവൻ ഉണ്ടാവാൻ കാരണമായ രാസഘടനകൾ കോടിക്കണക്കിന് ദൂരം അകലെയുള്ള ബഹിരാകാശത്തിന്റെ ഏതോ കോണിൽനിന്ന് ഉൽക്കകളിലൂടെയാണ് ഭൂമിയിലേക്ക് എത്തിയതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഉൽക്കാശിലകളുടെ ആഴത്തിലുള്ള വിശകലനത്തിലൂടെ ഈ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്.

ജപ്പാനിലെ ഹൊക്കൈഡോ സർവകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലോ ടെമ്പറേച്ചർ സയൻസസിലെ ഗവേഷകർ തങ്ങൾ പരിശോധിച്ച മൂന്ന് ഉൽക്കകളിൽ ന്യൂക്ലിയോബേസുകൾ കണ്ടെത്തിയതായി പറയുന്നു. ജീവന്റെ ഏറ്റവും അടിസ്ഥാന ഘടകമായ ന്യൂക്ലിക് ആസഡുകളായ ഡിഎൻഎയുടെയും ആർഎൻഎയുടെയും നിർമാണ ഘടകമാണ് ന്യൂക്ലിയോബേസുകൾ. അഞ്ച് വിവിധ ന്യൂക്ലിയോബേസുകളാണ് ജീവികളിൽ കാണപ്പെടുന്നത്, അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ, യുറാസിൽ.

ഉൽക്കാശിലകളിൽ ന്യൂക്ലിയോബേസുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള മൂന്ന് ഉൽക്കാശിലകളാണ് പഠനത്തിന് വിധേയമാക്കിയത്. 1950ൽ അമേരിക്കയില കെന്റക്കി സംസ്ഥാനത്തിലെ മുറേ പട്ടണത്തിന് സമീപം വീണത്, 1969 ൽ ഓസ്‌ട്രേലിയയിലെ വിക്രടോറിയ സ്‌റ്റേറ്റിലെ മർച്ചിൻസൺ പട്ടണത്തിന് സമീപം വീണത്. 2000ൽ ടാഗിഷ് തടാകത്തിന് സമീപം വീണത്. എന്നിങ്ങനെ ഈ മൂന്ന് ഉൽക്കകളിലാണ് പഠനം നടത്തിയത്.
സൗരയൂഥത്തിന്റെ അത്ര തന്നെ പ്രായം ഈ ഉൽക്കകൾക്കും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഉൽക്കകൾ കാർബണേഷ്യസ് കോണ്ട്രൈറ്റുകൾ എന്ന വിഭാഗത്തിലാണ് പെടുന്നത്. കാർബൺ മൂലകത്താൽ സമ്പുഷ്ടമായ ഉൽക്കകളെയാണ് കാർബണേഷ്യസ് കോണ്ട്രൈറ്റുകൾ എന്ന് വിളിക്കുന്നത്.
മർച്ചിൻസൺ, മുറേ പട്ടണങ്ങളിൽ വീണ ഉൽക്കകളിൽ രണ്ട് ശതമാനവും, ടാഗിഷ് തടാകത്തിനടുത്ത് വീണതിൽ നാല് ശതമാനം കാർബണുമാണ് അടങ്ങിയിട്ടുള്ളത്. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാന ഘടകമാണ് കാർബൺ.

ഭൂമിയിലെ ആദ്യത്തെ ജീവജാലങ്ങളുടെ ആവിർഭാവത്തിന് ആവശ്യമായ ജൈവ സംയുക്തങ്ങളുടെ പ്രധാന ഉറവിടം ബഹിരാകാശത്തുനിന്ന് ഭൂമിയിൽ പതിച്ച ഉൽക്കകളായിരിക്കുമെന്ന സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ് അവയിൽ കണ്ടെത്തിയ ന്യൂക്ലിയോബേസുകളുടെ സാന്നിദ്ധ്യം. ഉൽക്കാശിലകളിൽ കണ്ടെത്തിയ സൈറ്റൊസിൻ, തൈമിൻ എന്നീ രണ്ട് ന്യൂക്ലിയോബേസുകൾ മറ്റുള്ളവയേക്കാൾ സൂക്ഷമ ഘടനയുള്ളതാണ്. അതിനാലായിരിക്കാം മുൻപ് നടന്ന പരീക്ഷണങ്ങളിൽ അവയെ കണ്ടെത്താൻ സാധിക്കാഞ്ഞതെന്നാണ് ഗവേഷകർ പറയുന്നത്.
ജീവൻ ഉത്ഭവിക്കാൻ ഈ അഞ്ച് ന്യൂക്ലിയോബേസുകൾ മാത്രം പോര. ഇവയ്‌ക്കൊപ്പം പ്രോട്ടീനുകളുടെ നിർമാണ ഘടകമായ അമിനോ ആസിഡ്, ഡിഎൻഎയുടെയും ആർഎൻഎയുടെയും നിർമാണ ഘടകങ്ങളായ ഡീഓക്സി റൈബോസ് - റൈബോസ് പഞ്ചസാരകൾ, കോശങ്ങളുടെ നിർമാണ ഘടകങ്ങളായ ഫാറ്റി ആസിഡുകൾ എന്നിവയും വേണം.