k-n-balagopal

തിരുവനന്തപുരം: ഇന്ധന നികുതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടി നൽകി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നാണ് മോദിയുടെ വിമർശനങ്ങൾക്ക് ധനമന്ത്രി പ്രതികരിച്ചത്. കേരളമടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇന്ധനങ്ങളുടെ മൂല്യ വർദ്ധിത നികുതി കുറച്ചില്ലെന്ന് മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തിൽ മോദി ആരോപിച്ചിരുന്നു.

നികുതി കൂട്ടാത്ത അപൂർവ്വം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരമായി കേന്ദ്രസർക്കാർ നികുതി വർദ്ധിപ്പിക്കുകയാണ്. ഒരിക്കലും പിരിക്കാൻ പാടില്ലാത്ത നികുതിയാണ് കേരളത്തിൽ നിന്നും കേന്ദ്രസർക്കാർ ഈടാക്കുന്നത്. ന്യായമല്ലാത്ത രീതിയിൽ പിരിച്ചുകൊണ്ടിരിക്കുന്ന സർചാർജും സെസും കേന്ദ്രം അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രധാനമന്ത്രി പ്രചാരണം നടത്തരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തിൽ കേരളത്തെ മോദി പേരെടുത്ത് വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ല. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാൻ തയ്യാറാകാത്തതെന്ന് മോദി യോഗത്തിൽ ആരോപിച്ചു.

രാജ്യത്തെ ജനങ്ങളുടെ പ്രതിസന്ധികൾ കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. നികുതി കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ചിലർ അനുസരിച്ചു. എന്നാൽ കുറച്ചു സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ല. ഇക്കാരണത്താൽ ഈ സംസ്ഥാനങ്ങളിൽ ഇന്ധനവില വർദ്ധനവ് തുടരുകയാണ്. ഇത് രാജ്യത്തെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയൽരാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും മോദി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആയിരുന്നു യോഗത്തിൽ പങ്കെടുത്തത്.