kerala-games

പ്രഥമ കേരള ഗെയിംസ് ഉദ്ഘാടനം ശനിയാഴ്ച,മത്സരങ്ങൾ മേയ് ഒന്നുമുതൽ 10 വരെ

തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഗെയിംസിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കും. മേയ് ഒന്നുമുതൽ തലസ്ഥാനത്തെയും കൊല്ലത്തെയും വിവിധ വേദികളിലായാണ് മത്സരങ്ങൾ.രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഇത്തരത്തിൽ ബൃഹത്തായ കായികമേള സംഘടിപ്പിക്കുന്നത്.


24 മത്സര ഇനങ്ങളാണ് പ്രഥമ കേരള ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിംഗ് പൂൾ, സെൻട്രൽ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐ.ആർ.സി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.

കേരളത്തിലെ കായിക താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഗെയിംസിന്റെ ലക്ഷ്യമെകേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറും സെക്രട്ടറി ജനറൽ എസ്. രാജീവും പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, തൊഴിൽ- വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും പങ്കെടുക്കും. ടോക്യോ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളായ രവി ദഹിയ, ബജ്റംഗ് പൂനിയ, ലവ്‌ലിന ബൊർഗോഹൈൻ, പി.ആർ. ശ്രീജേഷ് എന്നിവർക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകി ആദരിക്കും. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. ഒളിമ്പിക് അസോസിയേഷൻ ഏർപ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്‌പോർട്‌സ് അച്ചീവ്‌മെന്റ് അവാർഡ് ബോക്‌സർ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഹരിചരൺ ഗ്രൂപ്പിന്റെ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ ഭാഗമായി മെയ് ഒന്നിന് 21.1 കിലോമീറ്റർ ഹാഫ് മാരത്തോണും, 10 കിലോമീറ്റർ ഓട്ട മത്സരവും, മൂന്നു കിലോമീറ്റർ ഫൺ റൺ മത്സരവും സംഘടിപ്പിക്കും. ഹാഫ് മാരത്തോൺ വിഭാഗത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകെ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

കേരള ഗെയിംസിന്റെ ഭാഗമായുള്ള കായിക ഫോട്ടോ എക്‌സിബിഷന്‍ ഏപ്രിൽ 30ന് ആരംഭിക്കും. വെള്ളയമ്പലം എൻജിനിയേഴ്‌സ് ഹാളിൽ മെയ് പത്ത് വരെയാണ് എക്‌സിബിഷൻ. ഒളിമ്പിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തിൽ കേരള ഗെയിംസ് എക്‌സ്‌പോയും സംഘടിപ്പിക്കും. ഏപ്രിൽ 29ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ എക്സ്പോ ഉദ്ഘാടനംചെയ്യും. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് നരേഷ് അയ്യർ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. എക്‌സ്‌പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10000 ചതുരശ്ര അടി വിസ്തീർണത്തിൽ പുഷ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.