lithara

പട്ന: മലയാളി ബാസ്ക്കറ്റ്ബാൾ താരം കെ സി ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ പരിശീലകനെതിരെ ആരോപണവുമായി കുടുംബം. ലിതാരയുടെ പരിശീലകൻ രവി സിംഗ് താരത്തെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്നതായി കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പട്ന രാജീവ്നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരിശീലകന്റെ ഉപദ്രവത്തെകുറിച്ച് 23കാരിയായ ലിതാര വീട്ടുകാരോടും സഹപ്രവർത്തകരോടും പരാതി പറഞ്ഞിരുന്നതായും ബന്ധുക്കൾ പറ‌ഞ്ഞു.

കോഴിക്കോട് വടകര സ്വദേശിയായ ലിതാര കഴിഞ്ഞ ആറ് മാസമായി പട്ന ദാനാപുരിയിലെ ഡി ആർ എം ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. പട്ന നഗറിൽ ഒരു ഫ്ളാറ്റിൽ താമസിക്കുകയായിരുന്ന ലിതാരയെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ ഫ്ളാറ്റ് ഉടമയെ വിളിക്കുകയും അവരും പൊലീസും വന്ന് വാതിൽ തുറന്നപ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ബന്ധുക്കൾ എത്തിയ ശേഷം മാത്രം പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്ന് അറിയിച്ചിരുന്നെങ്കിലും അമ്മാവൻ സ്ഥലത്ത് എത്തിയപ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം നാളെ കേരളത്തിലേക്ക് കൊണ്ട് വരും.