shigalla

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഷിഗല്ല രോഗം വീണ്ടും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പുതിയാപ്പയിലാണ് രോഗം കണ്ടെത്തിയത്. എന്നാൽ രോഗവ്യാപനം ഇല്ലെന്ന് ആരോഗ്യവിദഗ്‌ദ്ധർ അറിയിച്ചു. ഇന്നലെയാണ് രോഗം റിപ്പോർട്ട് ചെയ്തത്.

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിനജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇത്കൂടാതെ പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് വയറിളക്കമുണ്ടാകുമ്പോൾ രക്തം പോകുന്നത്. പനി, രക്തം കലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാദ്ധ്യതയും അധികമാണ്.