firing

ഭോജ്‌പൂർ: വിവാഹാഘോഷത്തിനിടെ സന്തോഷസൂചകമായി വെടിവച്ചതിനെ തുടർന്ന് വരനുൾപ്പടെ മൂന്നുപേർക്ക് പരിക്ക്. ബിഹാറിലെ ഭോജ്‌പൂർ ജില്ലയിലാണ് സംഭവം. 18കാരനായ വരൻ രവി ശങ്കർ ശർമ്മ, ഇയാളുടെ രണ്ട് ബന്ധുക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. വിവാഹത്തിലെ തിലക് ആഘോഷത്തിൽ പങ്കെടുക്കവെ വായുവിലേക്ക് വെടിവയ്‌ക്കാറുണ്ട്. ഇത്തരത്തിൽ വെടിവയ്‌ക്കുന്നതിനിടെ പെല്ലറ്റ് കൊണ്ടാണ് അപകടം.

ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെന്നും ചികിത്സ നടത്തിയെന്നുമാണ് വിവരം. പ്രാദേശികമായി നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് ആഘോഷത്തിൽ വെടിവച്ചത്. 12 വയസുകാരനായ കുട്ടിയും വരന്റെ അമ്മാവനുമാണ് പരിക്കേറ്റ മറ്റുള‌ളവർ‌. മേയ് രണ്ടിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്നോടിയായുള‌ള ആഘോഷങ്ങൾക്കിടെയാണ് അപകടം.

ഇത്തരം വിവാഹാഘോഷത്തിലെ വെടിവയ്‌പ്പ് നിയമം മൂലം നിരോധിച്ചിട്ടുള‌ളതാണ്. രണ്ട് വർഷം തടവോ, ഒരുലക്ഷം രൂപ പിഴയോ അതല്ലെങ്കിൽ രണ്ടും ചേർന്ന ശിക്ഷയോ ആണ് ഇപ്പോൾ ഇതിനുള‌ള ശിക്ഷ. എന്നാൽ ബീഹാർ, ഉത്തർ പ്രദേശ് ഉൾപ്പടെ സംസ്ഥാനങ്ങളിൽ ഇത്തരം ആഘോഷങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.