nia

തിരുവനന്തപുരം: വെമ്പായത്ത് ആശാരിപ്പണിയുടെ മറവിൽ നാടൻതോക്ക് നിർമ്മിച്ച സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ് ) അന്വേഷിക്കുന്നു. എ ടി എസ് സംഘം ഇന്നലെ വട്ടപ്പാറ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. ഇപ്പോൾ റിമാൻഡിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങമ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ), ഇന്റലിജൻസ് ബ്യൂറോ ( ഐ ബി ) ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യും.

വെമ്പായം അരശുംമൂട് സ്വദേശി അസിം (42), ആര്യനാട് സ്വദേശി സുരേന്ദ്രൻ (63) എന്നിവരാണ് തോക്ക് നിർമ്മാണത്തിന് അറസ്റ്റിലായത്. നാല് നാടൻതോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം. ആദ്യത്തെ തവണയാണ് തോക്ക് ഉണ്ടാക്കുന്നതെന്നും വെറുതേ പരീക്ഷിച്ചതാണെന്നുമാണ് പ്രതികളുടെ മൊഴി. തോക്കിന്റെ ഭാഗങ്ങൾ തിരുവനന്തപുരത്തെ കടയിൽനിന്ന് വാങ്ങിയതാണെന്നും വെടിയുണ്ടകൾ പാങ്ങപ്പാറയിലുള്ള ചെല്ലയ്യൻ എന്ന വ്യക്തി നൽകിയെന്നുമാണ് മൊഴി. ചെല്ലയ്യൻ മരണപ്പെട്ടതിനാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടിവരും.

പൊലീസിന്റെ ആർമറി വിഭാഗം വെടിയുണ്ടകൾ പരിശോധിച്ചു. ഇത് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. അരശുംമൂട്ടിലെ അസിമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് തോക്ക് നിർമ്മാണം കണ്ടെത്തിയത്. അസിം ആശാരിയും സുരേന്ദ്രൻ ടാപ്പിംഗ് തൊഴിലാളിയുമാണ്. ഒൻപത് എം.എം പിസ്റ്റൽ, പഴയ റിവോൾവർ, 7.62 എം.എം.എസ്.എൽ.ആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്. കൂടുതൽ തോക്കുകൾ നിർമ്മിച്ചിട്ടണ്ടോ, ആർക്കൊക്കെയാണ് നൽകിയത് എന്നിവയെക്കുറിച്ചാണ് എ.ടി.എസ് അന്വേഷിക്കുന്നത്. തോക്കുനിർമ്മാണത്തിന് ഭീകരബന്ധമണ്ടോയെന്നാണ് കേന്ദ്രഏജൻസികൾ അന്വേഷിക്കുക.