hareesh-

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ഹോം എന്ന ചിത്രത്തിന് കിട്ടിയാൽ അത് വാങ്ങാൻ എത്തുന്നത് സ്വാഭാവികമായും ആരോപണ വിധേയനായ വിജയ് ബാബുവായിരിക്കും. അത് ആദർശരാഷ്ട്രീയത്തിന് കളങ്കമാകും.

അതേസമയം, മികച്ച നടനായി ഇന്ദ്രൻസിനെ തിരഞ്ഞെടുത്താൽ ആർക്കും പരാതിയുണ്ടാകില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ആരോപണം സത്യമാണെങ്കിൽ ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കുന്ന ഒരു ജൂറിയെ കൂടിയാണ് ബലാത്സംഗം ചെയ്‌തതെന്നും ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണരൂപം വായിക്കാം...

ഹോം...നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാർഡ് കൊടുത്താൽ അത് മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് വാങ്ങാൻ വരുക അതിന്റെ നിർമ്മാതാവായ ലൈംഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്..അത് ആദർശ രാഷ്ട്രീയത്തെ കളങ്ക പെടുത്താൻ സാദ്ധ്യതയുണ്ട് എന്ന് ജൂറി അടിമകൾ കണ്ടെത്തിയാലും..

ചിലപ്പോൾ അങ്ങിനെയൊന്നും നോക്കിയാൽ ഇവിടെ ജീവിക്കാൻ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടൻ പറഞ്ഞാൽ തിരുവായക്ക് എതിർവായ് ഉണ്ടാവാൻ സാദ്ധ്യതയില്ലാതില്ല... ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കിൽ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്നം പരിഹരിച്ചാൽ ആർക്കും പരാതിയുണ്ടാവില്ല...

മൂപ്പരാണെങ്കിൽ അവാർഡ് കമ്മിറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്ക്കതയും കാണിച്ചിട്ടുണ്ട്... എളിമയുടെ രാജകുമാരൻ.. ഉമ്മ..

സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ (എനിക്കറിയില്ല) അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഗം ചെയ്തത്.. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങനെ അവരവരുടെ വീട്ടിൽ പോകും...പാവം ബുദ്ധിജീവികൾ...ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ.