vijay-babu

കൊച്ചി: ലൈംഗികാരോപണം നേരിട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിലപാട് സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്നതാണെന്ന് രാജ്യസഭാ എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയുമായ ജെബി മേത്തർ.

വാർത്താ കുറിപ്പിലൂടെയായിരുന്നു അവർ പ്രതികരണം നടത്തിയത്. ദിനംപ്രതി പീഡനവാർത്തകൾ പുറത്തു വന്നിട്ടും അനങ്ങാപ്പാറ നയമാണ് പിണറായി സർക്കാരിന്റേതെന്നും അവർ കുറ്റപ്പെടുത്തി.

ഇരയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത് സമൂഹത്തിന് നേരെയുള്ള അതിക്രമമാണ്. നടൻ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുകയാണ്. സിനിമാ മേഖലയിലുള്ളവരും പൊതു സമൂഹവും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതും അതിന്മേൽ നടപടിയെടുക്കാത്തതും ദുരൂഹമാണ്.

നായനാർ പറഞ്ഞത് പോലെ നാട്ടിൽ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോൾ പിണറായി സർക്കാർ അനങ്ങാപ്പാറയായി ഇരിക്കുകയാണ്. പാർട്ടിയിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് സർക്കാർ ഇത്തരം അതിക്രമങ്ങളെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് സിപിഎം. സംസ്ഥാന കമ്മറ്റിയിൽ പരാതി ഉയർന്നിട്ടും മുഖ്യമന്ത്രി അക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.