
ന്യൂഡൽഹി: ദേശീയ ഭാഷയെച്ചൊല്ലി ബോളിവുഡ് സൂപ്പർ സ്റ്റാർ അജയ് ദേവ്ഗണും കന്നട താരം കിച്ച സുധീപും തമ്മിലുള്ള തർക്കത്തിൽ സുധീപിന് പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. ഭാഷകൾകൊണ്ടാണ് നമ്മുടെ സംസ്ഥാനങ്ങൾ രൂപപ്പെട്ടത്. പ്രാദേശിക ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. സുധീപിന്റെ പ്രസ്താവന ശരിയാണ്, അത് എല്ലാവരും മാനിക്കണമെന്നുമാണ് ബൊമ്മൈ പ്രതികരിച്ചത്.
ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല എന്ന് സുധീപ് അടുത്തിടെ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് അജയ് ദേവ്ഗണിനെ ചൊടിപ്പിച്ചത്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ നിങ്ങളുടെ മാതൃഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്തിനാണ് ഡബ്ബ് ചെയ്ത് ഹിന്ദിയിൽ റിലീസ് ചെയ്യുന്നതെന്നാണ് ഇതിന് മറുപടിയായി അജയ് ട്വീറ്റ് ചെയ്തത്. സുധീപിനെ ടാഗ് ചെയ്തുകൊണ്ട് ഹിന്ദിയിലാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. ഹിന്ദി അന്നുംഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കുമെന്നും അജയ് ട്വീറ്റിന്റെ ഭാഗമായി പറഞ്ഞു.
.@KicchaSudeep मेरे भाई,
— Ajay Devgn (@ajaydevgn) April 27, 2022
आपके अनुसार अगर हिंदी हमारी राष्ट्रीय भाषा नहीं है तो आप अपनी मातृभाषा की फ़िल्मों को हिंदी में डब करके क्यूँ रिलीज़ करते हैं?
हिंदी हमारी मातृभाषा और राष्ट्रीय भाषा थी, है और हमेशा रहेगी।
जन गण मन ।
കർണാടക മുൻമുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യയും വിഷയത്തിൽ അജയ് ദേവ്ഗണിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദി ഒരിക്കലും ദേശീയ ഭാഷയല്ലെന്നും നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാനിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും സിദ്ദരാമയ്യ പറഞ്ഞു.
Hindi was never & will never be our National Language.
— Siddaramaiah (@siddaramaiah) April 27, 2022
It is the duty of every Indian to respect linguistic diversity of our Country.
Each language has its own rich history for its people to be proud of.
I am proud to be a Kannadiga!! https://t.co/SmT2gsfkgO
അടുത്തിടെ പുറത്തിറങ്ങിയ കെജിഎഫ്2, ആർആർആർ തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ബോളിവുഡ് ചിത്രങ്ങളുടെ റെക്കോഡ് തകർത്തതിന് പിന്നാലെയാണ് സുധീപ് ഹിന്ദി ദേശീയ ഭാഷയല്ല എന്ന് പ്രസ്താവിച്ചത്.