
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ വിദേശകാര്യ മന്ത്രിയായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരി ചുമതലയേറ്റു. പ്രസിഡന്റ് ആരിഫ് അൽവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുത്തു. സഖ്യസർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് പി.പി.പി. പാകിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയാണ് 33 കാരനായ ബിലാവൽ.
അതേ സമയം, ലണ്ടനിലുള്ള പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ ) തലവനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് ഈദിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയെത്തുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാവും ഫെഡറൽ മന്ത്രിയുമായ മിയാൻ ജാവേദ് ലത്തീഫ് അറിയിച്ചു. ഷെഹ്ബാസ് സർക്കാർ കഴിഞ്ഞ ദിവസം നവാസിന്റെ പാസ്‌പോർട്ട് പുതുക്കി നൽകിയിരുന്നു.