
സ്‌പേസ് എക്സിന്റെയും ടെസ്‌ലയുടെയും സ്ഥാപകനായ ഇലോൺ മസ്‌ക് എപ്പൊ എന്ത് ചിന്തിക്കുമെന്നോ എന്ത് പ്രവർത്തിക്കുമെന്നോ ആർക്കും പറയാൻ സാധിക്കില്ല. കഴിഞ്ഞ ഒരാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്നത് മസ്കാണ്.
ട്വിറ്ററിന്റെ ബോർഡിലെ പലരും അമർഷം പ്രകടിപ്പിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ മസ്ക് നീലക്കിളിയെ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്.
ഇപ്പോഴിതാ അടുത്ത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അടുത്തതായി താൻ കൊക്ക കോളയെ വാങ്ങാൻ പോവുകയാണെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. കോളയിൽ നിന്ന് കുറച്ചു നാൾ മുമ്പ് അവർ നീക്കം ചെയ്ത കൊക്കെയിനിനെ തിരിച്ചുകൊണ്ടുവരാനാണ് കോളയെ കമ്പനിയോടെ തന്നെ വാങ്ങാൻ പോകുന്നതെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
1886 ൽ ഒരു മരുന്നായിട്ടാണ് കൊക്ക കോള അവതരിപ്പിക്കുന്നത്. പിന്നീടാണ് ഇത് ഒരു ശീതള പാനീയമായി മാറുന്നത്. ലോകത്തിലെ ഏറ്റവുമധികം ആരാധകരുള്ള ശീതള പാനീയമായ കൊക്ക കോളയുടെ പ്രധാന ചേരുവകൾ കൊക്ക ഇലകളും കോല പരിപ്പുകളുമാണ്. കോളയിൽ ചേർക്കുന്ന സൈക്കോ ആക്ടീവ് മയക്കുമരന്നായ കൊക്കെയിൻ വേർതിരിച്ചെടുക്കുന്നത് കൊക്കയുടെ ഇലകളിൽ നിന്നും കഫീൻ വേർതിരിച്ചെടുക്കുന്നത് കോലയുടെ പരിപ്പിൽ നിന്നുമാണ്.
ഇത് രണ്ടുമാണ് കൊക്ക കോളയെ ഇത്ര രുചികരവും ലോക പ്രശസ്ത ബ്രാൻഡും ആക്കിയത്. എന്നാൽ പല രാജ്യങ്ങളും മയക്കുമരുന്നായ കൊക്കെയിൻ നിരോധിച്ചതോടെ കൊക്ക കോളയുടെ ലോകപ്രശസ്തവും ഐതിഹാസികവുമായ രഹസ്യ ഫോർമുലയിൽ നിന്ന് കൊക്കെയിനിനെ കമ്പനിയ്ക്ക് നീക്കം ചെയ്യേണ്ടി വന്നു. ഇതിന് പകരം ഡീകോകൈനൈസ്ഡ് കൊക്ക ഇലകളാണ് ഇപ്പോൾ കമ്പനി ഉപയോഗിച്ചുവരുന്നത്.
19ാം നൂറ്റാണ്ടിൽ നിന്നുള്ള കൊക്ക കോളയുടെ പഴയ യഥാർത്ഥ രുചി നഷ്ടപ്പെടുവാൻ ഇത് കാരണമായി. ഈ രുചി തിരിച്ചുകൊണ്ടുവരാനാണ് മസ്‌ക് കൊക്ക കോള കമ്പനി വാങ്ങാൻ പോകുന്നതെന്നാണ് ട്വീറ്റിൽ പറയുന്നത്. മസ്‌ക് ഇടയ്ക്കിടെ ഇതുപോലുള്ള വിചിത്രമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് കണ്ടാൽ മനസ്സിലാവും. കൊക്ക കോള ട്വീറ്റും അതുപോലെ ഒരെണ്ണമായിരിക്കാം. എന്നാൽ അത് തീർച്ചപ്പെടുത്താനാവില്ല.
2017 ൽ ഇതുപോലൊരു തമാശയായിട്ടാണ് ട്വിറ്റർ വാങ്ങുന്ന കാര്യവും അതിന്റെ വിലയും ചോദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുന്നത്. അഞ്ചുവർഷത്തിനിപ്പുറം അത് സ്വന്തമാക്കിയിരിക്കുന്നു. അതിനാൽ ഈ ട്വീറ്റും അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. ഈ ട്വീറ്റ് ശരിക്കും കൊക്ക കോള വാങ്ങുന്ന കാര്യമാണോ ഉദ്ദേശിച്ചത് അതോ ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പറയാതെ പറഞ്ഞതാണോ എന്നൊന്നും കൃത്യമായി ആർക്കും പറയാൻ സാധിക്കില്ല.
കൊക്കെയിൻ ഒരു മരുന്നാണ്, അളവിലധികം ഉപയോഗിച്ചാൽ അതി ശരീരത്തിന് മോശമായി ബാധിക്കും. അതു പോലെയാണ് അഭിപ്രായ സ്വാതന്ത്ര്യവും അത് അധികമാകുന്നത് ലോകത്തിലെ എല്ലാ ഭരണകൂടങ്ങളെയും മോശമായി ബാധിക്കും. കൊക്കെയിൻ തിരിച്ചുകൊണ്ടുവരുന്നു എന്നതിലൂടെ ട്വിറ്ററിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുന്ന തരത്തിൽ ട്വിറ്ററിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മസ്‌കിന്റെ പദ്ധതിയെ പറ്റി അദ്ദേഹം ലോകത്തോട് പറയാതെ പറഞ്ഞതാണോ എന്നും സംശയിക്കേണ്ടി വരുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല.