uefa
uefa

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യപാദ സെമി ഫൈനലിൽ സ്പാനിഷ് ക്ളബ് വിയ്യാറയലിനെ കീഴടക്കി ലിവർപൂൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്വന്തം തട്ടകത്തിൽ ലിവർപൂളിന്റെ വിജയം. രണ്ടാം പകുതിയിൽ 53, 55 മിനിട്ടുകളിലായിരുന്നു ഗോളുകൾ.ഇതിലൊന്ന് വിയ്യാറയൽ സെൽഫടിച്ച് സമ്മാനിച്ചതായിരുന്നു.

ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ലിവർപൂളിനെ പിടിച്ചുകെട്ടിയ വിയ്യാറയലിന് 53–ാം മിനിട്ടിൽ പെർവിസ് എസ്തുപിനൻ സെൽഫ് ഗോൾ വഴങ്ങിയത് തിരിച്ചടിയായി. ലിവർപൂൾ മിഡഫീൽഡർ ജോർദാൻ ഹെൻഡേഴ്സന്റെ ക്രോസ് തട്ടിയകറ്റാനുള്ള ശ്രമമാണു സെൽഫ് ഗോളിൽ കലാശിച്ചത്. തൊട്ടുപിന്നാലെ സാഡിയോ മാനെ ലിവർപൂളിനായി രണ്ടാം ഗോൾ നേടി.

ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ അടുത്ത ചൊവ്വാഴ്ച നടക്കും.