
ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എൻ.സി.എഫ്) മാർഗ്ഗരേഖ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്ന് പുറത്തിറക്കും. സ്കൂൾ വിദ്യാഭ്യാസം, നഴ്സറി കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും, അദ്ധ്യാപകരുടെ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലുമേഖലകളിലായാണ് സുപ്രധാന മാറ്റങ്ങൾ കൊണ്ടു വരുന്നത്. സാങ്കേതിക വിദ്യയിലൂടെയും മൊബൈൽ ആപ്ളിക്കേഷനിലൂടെയും പാഠ്യപദ്ധതി കടലാസ് രഹിതമായി കൈകാര്യം ചെയ്യാനുള്ള നിർദ്ദേശങ്ങളുമുണ്ട്.
കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായണൻ, പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ഡോ. ബി.സി. നാഗേഷ്, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ. കസ്തൂരിരംഗൻ, കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി അനിത കർവാൾ, എൻ.സി.ഇ.ആർ.ടി ഡയറക്ടർ പ്രൊഫ. ഡി.പി. സക്ലാനി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.