krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമാണെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൂടി പ്രയോജനപ്പെടുത്തി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര പൂളിൽ നിന്ന് ദിവസവും ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളതെന്നും അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ എസ് ഇ ബി നേരത്തെ അറിയിച്ചിരുന്നു. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 15 മിനിട്ടായിരിക്കും നിയന്ത്രണം. നഗരമേഖലകളെയും ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളെയും നിയന്ത്രത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാവും.

കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്പാദനം കുറച്ചിരുന്നു. രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദത്തിൽ കുറവ് നേരിട്ടിരുന്നു. പിന്നാലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തി.