
വെല്ലിംഗ്ടൺ : വാൾട്ട് ഡിസ്നിയുടെ ലോക പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളിൽ ഒന്നാണ് ഡംബോ എന്ന ആനക്കുട്ടി. വലിയ ചെവികളോട് കൂടിയ ഡംബോ ആനക്കുട്ടിയെ കണ്ടാൽ ഓമനത്തം തോന്നാത്ത ആരും കാണില്ല. അതുപോലെ ഓമനത്തം തോന്നുന്ന ഒരു ' ക്യൂട്ട് " നീരാളി ആഴക്കടലിലുമുണ്ട്. ' ഡംബോ ഒക്ടോപസ് " എന്നാണ് അവയുടെ പേര്. ഡംബോ ആനക്കുട്ടിയെ ഓർമിപ്പിക്കും വിധം ഡംബോ നീരാളിയുടെ തലയ്ക്ക് ഇരുവശവും ചെവിയ്ക്ക് സമാനമായ കൂറ്റൻ ചിറകുകൾ കാണാം.
ഇപ്പോഴിതാ പസഫിക് സമുദ്രത്തിനടിയിൽ നീന്തുന്ന ഡംബോ നീരാളിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നോറ്റിലിസ് എന്ന കപ്പലിൽ പര്യവേഷണം നടത്തുന്ന ഗവേഷകർ. ഒരു കുഞ്ഞ് ഡംബോ നീരാളിയേയും വീഡിയോയിൽ കാണാം. വളരെ അപൂർവമായി മാത്രമേ ഇവയെ കണ്ടുകിട്ടാറുള്ളു എന്നതാണ് പ്രത്യേകത.
അംബ്രല്ല ഒക്ടോപസ് എന്നും ഇവ അറിയപ്പെടുന്നുണ്ട്. 2020ൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ ജാവ ട്രഞ്ചിൽ 23,000 അടി താഴ്ചയിൽ കണ്ടെത്തിയ ഡംബോ നീരാളിയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ആഴം കൂടിയ ഭാഗത്ത് കണ്ടെത്തപ്പെട്ട നീരാളി. ഡംബോ നീരാളികളെ പറ്റി പരിമിതമായ അറിയവേ ശാസ്ത്രലോകത്തിനുള്ളു. സൂര്യപ്രകാശം കടന്നുചെല്ലാത്ത തണുപ്പ് കൂടിയ കടലിന്റെ അടിത്തട്ട് ഭാഗങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. 20 മുതൽ 30 സെന്റീമീറ്റർ വരെ നീളം സാധാരണ ഡംബോ നീരാളികൾക്കുണ്ട്. ചിലപ്പോൾ 50 സെന്റീമീറ്ററിലധികം വളരാറുമുണ്ട്.