
പത്തനംതിട്ട: ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിനെതിരെ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ രൂക്ഷ വിമർശനം. വൃന്ദ കാരാട്ട് അടക്കമുള്ള മുതിർന്ന നേതാക്കളുടെ ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിനില്ല എന്നും സമരങ്ങൾ ചെയ്യുന്നതിൽ പരാജയമാണ് എന്നും പ്രതിനിധികൾ വിമർശിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിനെതിരെയും മുൻ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തന മുന്നേറ്റത്തിന് തടസമാകുമെന്നും വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വിമർശനമുയർന്നു.
പത്തനംതിട്ടിയിൽ ഡിവൈഎഫ്ഐയെ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവർത്തനത്തെ ഉൾപ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയിൽ മെമ്പർഷിപ്പിൽ ഗണ്യമായ കുറവുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുൻനിരയിലേയ്ക്കും യൂണിറ്റ് കമ്മിറ്റിയുടെ ഭാരവാഹികളായും കൊണ്ടുവരണമെന്ന നിർദേശം സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല എന്ന കാര്യത്തിലും വിമർശനമുയർന്നു. ഘടകകക്ഷി മന്ത്രിമാർക്കെതിരെയും പ്രതിനിധികൾ വിമർശനമുന്നയിച്ചു. വൈദ്യുതി, ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലല്ല. മാനേജ്‌മെന്റിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്കാകുന്നില്ല. രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പൊലീസ് നയം ചില പൊലീസുകാർക്ക് ഇനിയും അറിയില്ല എന്നും മലപ്പുറത്ത് നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു.
കണ്ണൂരിലാണ് മെമ്പർഷിപ്പ് കൂടുതലുള്ളത് എന്നാൽ വയനാടാണ് ഏറ്റവും കുറവ്. കോട്ടയത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായി. മെമ്പര്‍ഷിപ്പിലുണ്ടായ യുവതികളുടെ കൊഴിഞ്ഞുപോക്കും പരിശോധിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പറയുന്നു. ലഹരി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി ഗുണ്ടാ സംഘകങ്ങളെ തുറന്നുകാട്ടുന്നതില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാതൃകയായെന്നും ഈ വിഷയത്തില്‍ മറ്റു ജില്ലകള്‍ കണ്ണൂരിനെ മാതൃകയാക്കണം എന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡോ സുനിൽ പി ഇളയിടമാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.