
കോഴിക്കോട്: കെ റെയിൽ വേണമെന്ന് നടൻ ഹരീഷ് പേരടി. എന്നാൽ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള കല്ലിടൽ തനി ഫാസിസമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
കെ റെയിലിനെക്കുറിച്ച് പ്രതികരിക്കാൻ ഫഹദ് ഫാസിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കമുള്ള താരങ്ങളോട് ഹരീഷ് പേരടി ആവശ്യപ്പെട്ടു. മലയാള സിനിമയിൽ കെ റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങളെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മമ്മൂക്കയേയും ലാലേട്ടനെയും വിടാം...അവർക്ക് പ്രായമായില്ലെ...കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ, പൃഥിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം...കാരണം മലയാള സിനിമയിൽ കെ റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ...
മലയാള സിനിമയിൽ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുവേണ്ടി വാ തുറക്കൂ...നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബിൽ കയറ്റാൻ വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്...എന്റെ അഭിപ്രായം-കെ.റെയിൽ വേണം...പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്...