
ദിനംപ്രതി നാം പല വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എന്നാൽ അവയുടെ എക്സ്പയറി ഡേറ്റ് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും ഓരോ വസ്തുക്കളും പൂർണമായും കേടാകുമ്പോൾ മാത്രമേ അത് മാറ്റുന്നതിനെ പറ്റി പലരും ചിന്തിക്കാറുള്ളൂ. നിങ്ങളും ഇതുതന്നെയാണ് ചെയ്യുന്നതെങ്കിൽ സ്വന്തം ആരോഗ്യത്തിനായി വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന കാര്യം കൂടി അറിഞ്ഞിരിക്കൂ. ഇനി പറയുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ അവ ഈ പറയുന്ന കാലാവധിയിൽ കൂടുതൽ വീട്ടിൽ വയ്ക്കരുത്. സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിനായി കാലഹരണപ്പെട്ട ഈ വസ്തുക്കളെ എത്രയും വേഗം വീട്ടിൽ നിന്നും മാറ്റൂ.

1. തലയിണ
വർഷങ്ങൾ കഴിഞ്ഞും തലയിണകൾ ഉപേക്ഷിച്ചില്ലെങ്കിൽ അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങൾ, ചർമത്തിലെ മൃതകോശങ്ങൾ, അലർജിക്ക് കാരണമാകുന്ന പൂപ്പൽ എന്നിവ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും . കൂടാതെ ഷെയ്പ്പ് നഷ്ടപ്പെട്ട തലയിണയിൽ കിടക്കുന്നത് കഴുത്ത് വേദനയുണ്ടാകുന്നതിനും കാരണമാകുന്നു. അതിനാൽ രണ്ട് മുതൽ മൂന്ന് വർഷത്തെ ഉപയോഗത്തിന് ശേഷം അവ ഉപേക്ഷിക്കുക.

2. പാദരക്ഷകൾ
നമ്മളിൽ പലരും പാദരക്ഷകൾ പൊട്ടുന്നത് വരെ ഉപയോഗിക്കാറുണ്ട്. പുതിയ ജോഡി വാങ്ങിയാൽ പോലും പഴയത് ഉപേക്ഷിക്കാൻ പലരും തയാറാകാറില്ല. ഇത് കാലിൽ ഫംഗസ് അണുബാധയുണ്ടാകുന്നതിന് കാരണമാകും. അതിനാൽ ഓരോ ആറ് മാസം കൂടുമ്പോഴും അവ മാറ്റണം. പാദരക്ഷകളിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതിനാൽ ദിവസേന പാദരക്ഷകൾ വൃത്തിയാക്കേണ്ടതും ആവശ്യമാണ്.

3. സ്പോഞ്ച്/ ഷവർ പഫുകൾ
ഒരു നിശ്ചിത കാലയളവിന് ശേഷം ഈ രണ്ട് വസ്തുക്കളും ഉപയോഗിക്കുകയാണെങ്കിൽ ഫംഗസ് രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. ശരീരം വൃത്തിയാക്കാനായി നിങ്ങൾ സ്പോഞ്ച് അല്ലെങ്കിൽ ഷവർ പഫുകൾ ഉപയോഗിക്കുമ്പോൾ അവയിൽ മൃതകോശങ്ങളും മറ്റ് അഴുക്കുകളും പറ്റിപ്പിടിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇവ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. സ്പോഞ്ച് രണ്ടാഴ്ചയും ഷവർ പഫുകൾ ആറ് മാസവും മാത്രം ഉപയോഗിക്കുക.

4. ടവൽ
ടവലുകൾ ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല എത്ര ഭംഗിയുള്ള ടവൽ ആണെങ്കിലും മൂന്ന് വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടുള്ളതല്ല.

5. ടൂത്ത് ബ്രഷ്
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി രണ്ട് തവണ പല്ല്‌തേയ്ക്കാറുള്ളവരാണ് പലരും. എന്നാൽ പഴയ ടൂത്ത് ബ്രഷുകൾ ഉപേക്ഷിക്കാൻ പലർക്കും മനസ് വരാറില്ല. ഓരോ മൂന്ന് മാസം കൂടുമ്പോഴും ടൂത്ത് ബ്രഷ് മാറ്റിയില്ലെങ്കിൽ നിരവധി ദന്ത രോഗങ്ങൾക്ക് കാരണമാകും. കൂടാതെ ജലദോഷത്തിൽ നിന്നും മുക്തി നേടിയ ശേഷവും ഉപയോഗിച്ചുകൊണ്ടിരുന്ന ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്.

6. ഹെയർ ബ്രഷ്
നിങ്ങളുടെ പ്രിയപ്പെട്ട ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാൻ സഹായിക്കുന്ന ഹെയർ ബ്രഷുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ദോഷമാണ്. ഏഴ് മാസം കഴിയുമ്പോൾ ഇവ ഉപേക്ഷിക്കേണ്ടതാണ്. അല്ലെങ്കിൽ മുടികൊഴിച്ചിൽ, താരൻ പോലുള്ള നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കും.