whatsapp

വാട്‌സാപ്പിലൂടെ പണമയക്കാനുള്ള ഓപ്ഷൻ നിലവിൽ വന്നിട്ട് കുറച്ച് കാലമായി. ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്‌സാപ്പ് ഇപ്പോൾ. പണം അയക്കുമ്പോള്‍ 33 രൂപയാണ് ലഭിക്കുക.

കൂടുതൽ പേരെ ആകർഷിക്കാനാണ് കിടിലൻ ഓഫറുമായി വാട്‌‌സാപ്പ് എത്തിയത്. ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങി രാജ്യത്തെ ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുമായിട്ടാണ് മത്സരം. മേയ് അവസാനത്തോടെ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ക്യാഷ് ബാക്ക് എങ്ങനെ ലഭിക്കും?

പണം അയക്കുമ്പോള്‍ വാട്‌സാപ്പില്‍ ഓഫറുമായി ബന്ധപ്പെട്ട ബാനറോ ഗിഫ്റ്റ് ഐക്കണോ കാണാന്‍ സാധിക്കും. വാട്‌സാപ്പ് പേ ഉപഭോക്താക്കള്‍ക്ക് പണമയക്കുമ്പോള്‍ മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളൂ. ഒരുമാസമെങ്കിലും വാട്‌സാപ്പ് പേയുടെ ഉപഭോക്താക്കള്‍ ആയിരിക്കണം. വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ ഈ ഓഫറിന് അര്‍ഹരായിരിക്കില്ല.

ഓഫറിന് യോഗ്യരായവർ​ രജിസ്റ്റർ ചെയ്ത ഏതെങ്കിലുമൊരു കോൺടാക്റ്റിലേക്ക് പണം അയക്കുക. വിജയകരമായ ഒരു ഇടപാടിന് 11 രൂപ ക്യാഷ് ബാക്ക് നേടാനും കഴിയും. ക്യാഷ് ബാക്ക് ലഭിക്കാന്‍ നേരത്തെ നിശ്ചിത എണ്ണം ഇടപാട് നടത്തണം എന്ന നിബന്ധനയില്ല.

ഒരു ഉപയോക്താവിന് മൂന്നു തവണ ക്യാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്‌ക്കേണ്ടത്.

പണമയക്കുന്ന കോൺടാക്ട് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവരെ വാട്സാപ്പ് പേയ്‌മെന്റിൽ ചേരാൻ ക്ഷണിക്കുക. ചേർന്നതിന് ശേഷം അവർക്ക് പണം അയക്കുക.

ക്യാഷ് ബാക്ക് ലഭിക്കുന്നതിന് മിനിമം പേയ്‌മെന്റ് തുക ആവശ്യമില്ല. ലേറ്റസ്റ്റ് അപ്ഡേഷൻ അയിരിക്കണം.