
തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് പദ്ധതിയെ കുറിച്ച് പഠിക്കാനെത്തിയ കേരള സംഘം ഗുജറാത്ത് വിദ്യാഭ്യാസ മാതൃകയെകുറിച്ചുള്ള കാര്യങ്ങളും മനസിലാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുജറാത്തിന്റെ നേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ച വിദ്യാ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തന രീതികൾ മനസിലാക്കുന്നതിനും കേരള ചീഫ് സെക്രട്ടറി സമയം കണ്ടെത്തുകയായിരുന്നു. ഡാഷ് ബോർഡ് പ്രവർത്തനത്തെക്കുറിച്ച് മനസിലാക്കാനാണ് ഗുജറാത്ത് യാത്ര എന്നായിരുന്നു കേരളസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഗുജറാത്തിലെത്തിയ കേരള ചീഫ് സെക്രട്ടറി ഒരു മണിക്കൂറിലേറെ വിദ്യാ സമീക്ഷാ കേന്ദ്രത്തിൽ ചെലവഴിച്ചു.
വിദ്യാ സമീക്ഷാ കേന്ദ്രം
ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി തയ്യാറാക്കിയ പദ്ധതിയാണ് വിദ്യാ സമീക്ഷ പദ്ധതി. ഗാന്ധിനഗറിലെ വിദ്യാ സമീക്ഷാ കേന്ദ്രത്തിലാണ് ഈ പദ്ധതിയുടെ വിലയിരുത്തലുകൾ നടക്കുക. സംസ്ഥാനത്തെ അരലക്ഷത്തോളം വിദ്യാലയങ്ങൾ ഇവിടെ ഓൺലൈനിലൂടെ വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്തെ നാലു ലക്ഷം അദ്ധ്യാപകരുടേയും 1.2 കോടി വിദ്യാർത്ഥികളുടെയും വിവരങ്ങൾ അതിവേഗം ഇവിടെ ലഭിക്കും. കുട്ടികളുടെ ഹാജർ, പരീക്ഷകളിടെ പഠന നിലവാരം തുടങ്ങിയ കാര്യങ്ങൾ നിരന്തരം പരിശോധിക്കാനും കഴിയും. ഇതിന് അനുസരിച്ചുള്ള നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കും.
ഗുജറാത്തിലെ പഠന നിലവാരം മോശമാണെന്ന ആം ആദ്മി പാർട്ടിയുടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ്
വിദ്യാ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് രാജ്യമെമ്പാടും ചർച്ചയായത്. ഇതിന് കാരണമായത് പ്രധാനമന്ത്രിയുടെ സന്ദർശനമാണ്. ഏപ്രിൽ പതിനെട്ടിന് ഇവിടെ വച്ച് മോദി വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികളുമായി ഓൺലൈനിൽ സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ് വിദ്യാ സമീക്ഷാ കേന്ദ്രമെന്ന അദ്ദേഹം വിവിധ ഇടങ്ങൾ നടത്തിയ പ്രസ്താവനകളും കേരളത്തെ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിച്ചു. ഇതിന് പുറമേ മലയാളിയായ വിനോദ് റാവുവാണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.
ഡാഷ് ബോർഡ് ഉപദേശം മോദിയുടേത്
പദ്ധതി നടത്തിപ്പിനായുള്ള ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡ് സംവിധാനത്തെക്കുറിച്ച് സൂചിപ്പിച്ചതും, ഗുജറാത്തിൽ പോയി വിശദാംശങ്ങൾ പഠിച്ച് കേരളത്തിൽ നടപ്പാക്കാനാകമോയെന്ന് നോക്കാൻ ഉപദേശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തുന്ന സംസ്ഥാന ചീഫ്‌സെക്രട്ടറി ഡോ. വി.പി. ജോയിയുടെ കത്ത് പുറത്ത്. ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ബോദ്ധ്യപ്പെട്ടതായി ഇന്നലെ ദേശീയ വാർത്താ ഏജൻസിയോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
ഗുജറാത്തിലെ ബി.ജെ.പി ഭരണം നല്ല മാതൃകയല്ലെന്ന് വിമർശിച്ചിരുന്ന ഇടതുപക്ഷത്തെ കൂടുതൽ വെട്ടിലാക്കുന്നതാണ് കത്ത്. ചീഫ്‌സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശന വിവാദത്തിൽ സി.പി.എം നേതാക്കളാരും കാര്യമായി പ്രതികരിച്ചിട്ടില്ല. നല്ല കാര്യങ്ങൾ മനസ്സിലാക്കുകയും, പഠിക്കുകയും ചെയ്യുന്നതിൽ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചത് പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിക്കുന്നതിൽ സർക്കാരിന് ആശ്വാസമായി.
ഗുജറാത്ത് ചീഫ്‌സെക്രട്ടറി പങ്കജ് കുമാറിന് ഈ മാസം 20ന് ചീഫ്‌സെക്രട്ടറി ഡോ. ജോയി അയച്ച കത്താണ് ഇന്നലെ പുറത്തായത്. ഗുജറാത്തിൽ പദ്ധതി നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച ഡാഷ്‌ബോർഡിനെക്കുറിച്ച് മോദിയാണ് അടുത്തിടെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോട് സൂചിപ്പിച്ചതെന്ന് കത്തിൽ പറയുന്നു. ഗുജറാത്തിൽ പോയി വിശദാംശങ്ങൾ മനസ്സിലാക്കാൻ തന്നോടും ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, 28ന് അഹമ്മദാബാദ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡാഷ്‌ബോർഡ് സിസ്റ്റത്തെക്കുറിച്ചുള്ള അവതരണത്തിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അയച്ച കത്തിൽ ഡോ. ജോയി അഭ്യർത്ഥിച്ചു.
ഇന്നലെ ഡാഷ്‌ബോർഡ് സംവിധാനത്തെക്കുറിച്ച് ഗാന്ധിനഗറിൽ നടന്ന അവതരണത്തിന് ശേഷമാണ്, ദേശീയ വാർത്താ ഏജൻസിയോട് ഡാഷ്‌ബോർഡിനെ പുകഴ്ത്തി ഡോ.. ജോയി സംസാരിച്ചത്. വികസന പരോഗതി വിലയിരുത്താൻ ഏറെ കാര്യക്ഷമമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും ഡാഷ്‌ബോർഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെത്തിയ ചീഫ്‌സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ. ഉമേഷും ഇന്നലെ രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെ ഗാന്ധിനഗറിലെ വസതിയിലെത്തി കണ്ടു. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാൾ ഉൾപ്പെടെയുള്ളത്. ഗുജറാത്ത് ചീഫ്‌സെക്രട്ടറിയാണ് അവതരണം നടത്തിയത്. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം ഡോ. വി.പി. ജോയി ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് കൈമാറും.