
ന്യൂഡൽഹി: രാജ്യത്ത് 5ജി സ്‌പെക്‌ട്രം ലേലം ജൂൺ മാസത്തോടെ ഉണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്ത്തന്നെ 5ജി സ്‌പെക്‌ട്രം നടപ്പാക്കാൻ ടെലികോം വകുപ്പ് പ്രവർത്തിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന് ഭാവിയിലേക്ക് കുതിയ്‌ക്കാനും ദശലക്ഷക്കണക്കിന് ജനങ്ങളെ ശാക്തീകരിക്കാനും 5ജി സാങ്കേതികവിദ്യ സമയബന്ധിതമായി നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹമാണ് 5ജി പ്രവർത്തനം പൂർത്തിയാകുന്നതോടെ സാദ്ധ്യമാകുന്നത്. ഓഗസ്‌റ്റ്, സെപ്‌തംബർ മാസത്തോടെ 5ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമായി തുടങ്ങും. വിവിധ ബാൻഡുകൾക്ക് 30 വർഷത്തെ കാലപരിധിയിൽ 7.5 ലക്ഷം കോടി അടിസ്ഥാന വിലയിൽ മെഗാ ലേല പദ്ധതിയാണ് ട്രായ് ആവിഷ്‌കരിച്ചത്.
ഗ്രാമങ്ങളിലും വിദൂര ദേശങ്ങളിലും കുടുംബങ്ങളെ ബന്ധിപ്പിച്ച് ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം വ്യവസായം ആരോഗ്യപരമാകണം. അതിന് സ്‌പെക്‌ട്രത്തിന് ന്യായമായ വില ലഭ്യമാകണമെന്നും മന്ത്രി അശ്വിനി വൈഷ്‌ണവ് അഭിപ്രായപ്പെട്ടു.