
കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആക്രമണത്തിനിരയായ നടിക്കൊപ്പം ഉറച്ചുനിൽക്കുമായിരുന്നുവെന്ന് ഭാര്യ ഉമ തോമസ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടൻ രവീന്ദ്രൻ സത്യാഗ്രഹസമരം നടത്തുന്ന വേദിയിലാണ് ഉമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മർദ്ദം നേരിൽ കണ്ടതാണ്. കേസന്വേഷണത്തിനിടെ പൊലീസ് തലപ്പത്തുണ്ടായ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണെന്നും ഉമ ആരോപിച്ചു. ഫ്രണ്ട്‌സ് ഒഫ് പി ടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് സത്യാഗ്രഹം നടക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ സമരം ആരംഭിച്ചു. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസ സമരം നടത്തുന്നത്.
നടി ആക്രമണം നേരിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നടൻ രവീന്ദ്രനടക്കം സമരത്തിൽ പങ്കെടുക്കുന്നവർ ആരോപിക്കുന്നു. നടിയുടെ കേസിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇരയുടെ പേര് വെളിപ്പെടുത്താൻ വിജയ് ബാബുവിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇക്കാരണത്താലാണ് പി ടി തോമസ് തുടങ്ങി വച്ച സമരം തുടരുന്നതെന്നും സമരത്തിന്റെ സംഘാടകർ പറഞ്ഞു.
അഞ്ചു വർഷം നീണ്ടുനിന്ന പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണ് സമരം. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നതാണ് പ്രധാനം. ആ നീതിയെ അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും ന്യായപരമായ നീതി അതിജീവിതയ്ക്ക് ലഭിക്കണമെന്നും രവീന്ദ്രൻ പറഞ്ഞു.