makal

കുടുംബപ്രേക്ഷരുടെ ഇഷ്ട സംവിധായകനും നായകനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രമാണ് മകൾ. മനസിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കഥ തുടരുന്നു, ഭാഗ്യദേവത, കൊച്ചു കൊച്ചു സന്തോഷങ്ങൾ, സന്ദേശം, മഴവിൽക്കാവടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രം നൽകിയിട്ടുള്ള ജയറാമും സത്യൻ അന്തിക്കാടും വീണ്ടുമെത്തുന്നു എന്നത് തന്നെയാണ് മകൾക്കായി കാത്തിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിച്ചത്. ഇവരുടെയൊപ്പം വർഷങ്ങൾക്ക് ശേഷം മീരാ ജാസ്‌മിൻ കൂടിയെത്തിയതോടെ ചിത്രത്തിലുള്ള പ്രതീക്ഷകൾ ഇരട്ടിയായി.

അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മകൾ. ചെറിയ പ്രായത്തിൽ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മീരാ ജാസ്‌മിന്റെ കഥാപാത്രമായ ജൂലിയും ജയറാമിന്റെ കഥാപാത്രമായ നന്ദകുമാറും.

makal

കുടുംബം നോക്കാനായി 15 വർത്തോളം പ്രവാസ ജീവിതം നയിക്കേണ്ടി വന്ന ഗൃഹനാഥനായിട്ടാണ് ജയറാം എത്തുന്നത്. ജൂലിയുടെയും നന്ദകുമാറിന്റെയും മകളായ അപർണയെന്ന അപ്പുവായി ദേവിക സഞ്ജയും എത്തുന്നു. അച്ഛൻ വിദേശത്തായതിനാൽ തന്നെ അമ്മയോടാണ് മകൾക്ക് കൂടുതൽ അടുപ്പം. പ്രവാസ ജീവിതം അവസാനിപ്പിച്ച് വരുന്ന അച്ഛനും പിടിവാശിക്കാരിയായ മകളും തമ്മിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി സഞ്ചരിക്കുന്നത്.

മെക്കാനിക്കായ നന്ദകുമാർ പുതുതായി ഒരു ബിസിനസ് ആരംഭിക്കുന്നു. ബിസിനസിനൊപ്പം കുടുംബത്തെയും ശ്രദ്ധിക്കാൻ നന്ദകുമാറിനാകുന്നുണ്ട്. എന്നാൽ ടീനേജറായ മകളും അച്ഛനും തമ്മിൽ പലകാര്യങ്ങളിലും സ്വരച്ചേർച്ചയുണ്ടാകുന്നു.

ഇവർക്കിടയിലെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടായിരുന്ന അമ്മ ജോലിയുമായി ബന്ധപ്പെട്ട് മാറിനിൽക്കുന്നതോടെ അച്ഛനും മകളും തമ്മിലുള്ള പ്രശ്നങ്ങൾ അതിരുവിടുന്നു. ചെറിയ തമാശകളിലൂടെ പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന ആദ്യ പകുതിയും കുടുംബ ബന്ധങ്ങളിലെ സങ്കീർണതകൾ ചർച്ച ചെയ്യുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെത്.

makal

ഒരു ടീനേജറുടെ വാശിയും പ്രശ്നങ്ങളുമൊക്കെയുള്ള മകളോടുള്ള സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാൻ കഷ്ടപ്പെടുന്ന നന്ദകുമാറിന്റെ റോൾ ജയറാമും മകളെയും ഭർത്താവിനെയും ഏറെ സ്നേഹിക്കുന്ന ജൂലിയെ മീരാ ജാസ്മിനും ഭദ്രമായി കെെകാര്യം ചെയ്തു.

അപ്പുവെന്ന കഥാപാത്രത്തോട് നീതി പുലർത്താൻ ദേവികയ്ക്കുമായി. ചിത്രത്തിൽ ഇവരെക്കാളുമൊക്കെ ഗംഭീര പ്രകടനം നടത്തിയത് നസ്ലീൻ ആണ്. അപ്പുവിന്റെ സഹപാഠിയായ രോഹിതായാണ് നസ്ലീൻ എത്തുന്നത്. അപ്പുവിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ എന്തും ചെയ്യാൻ തയാറാകുന്ന രോഹിത് പലപ്പോഴും കെെയടി നേടി. ചിത്രത്തിലെ ചില തമാശകൾക്ക് നിലവാരം പുലർത്താതിരുന്നപ്പോൾ നസ്ലീന്റെ കഥാപാത്രം മാത്രം വേറിട്ട് നിന്നു.

makal

രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതം കഥയ്ക്കനുയോജ്യമായ രീതിയിൽ മികച്ചുനിന്നു. എസ് കുമാറിന്റെ ഛായാഗ്രഹണം മികവു പുലർത്തി. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ നിരാശപ്പെടുത്തി.

ഇക്ബാൽ കുറ്റിപ്പുറമാണ് രചന. ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അല്‍ത്താഫ്, ബാലാജി മനോഹര്‍, ജയശങ്കർ , കൊല്ലം രമേശ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മികച്ചൊരു പ്രമേയമായിരുന്നു ചിത്രത്തിനെങ്കിലും തിരക്കഥയിലെ പാളിച്ചകൾ തിരിച്ചടിയായി. ചിത്രത്തിലെ പല സീനുകളും കഥാപാത്രങ്ങളും എന്തിനായിരുന്നുവെന്ന തോന്നൽ പ്രേക്ഷകനുണ്ടാകുന്നുണ്ട്. ജയറാമിന്റെ അച്ഛനായെത്തുന്ന ഇന്നസെന്റിന്റെ കഥാപാത്രം മികച്ചു നിന്നു.

makal

എന്നാൽ ചിത്രത്തിൽ പല താരങ്ങളെയും വേണ്ട വിധത്തിൽ ഉപയോഗിക്കാനായിട്ടില്ല. മികച്ചതെന്ന് പറയാവുന്ന നിരവധി രംഗങ്ങളുണ്ടെങ്കിലും ഇവയെ കൃത്യമായി തുന്നിച്ചേർക്കാനും സംവിധായകന് സാധിച്ചിട്ടില്ല. ക്ലെെമാക്‌സിനോട് അടുക്കുന്തോറും ചിത്രത്തിന്റെ കഥാപരിസരം ആകെ മാറുന്നുണ്ട്. പറയാനുദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പറയാൻ സംവിധായകനായോ എന്ന് സംശയമാണ്.

ത്രില്ലറുകളും മാസ് എന്റെർടെയിനറുകളും പ്രണയ ചിത്രങ്ങളും എത്തിയിരുന്ന മലയാള സിനിമയിൽ ഏറെ നാൾക്ക് ശേഷം എത്തുന്ന ഫീൽ ഗുഡ് കുടുംബ ചിത്രമാണ് മകൾ. ഒരു സത്യൻ അന്തിക്കാട് മാജിക് ചിത്രത്തിൽ കാണാൻ സാധിക്കില്ലെങ്കിലും സംവിധായകന്റെ മുൻകാല ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന പ്രേക്ഷകർക്ക് അമിത പ്രതീക്ഷയില്ലാതെ സമീപിക്കാൻ കഴിയുന്ന ചിത്രമാണ് മകൾ.