
അഞ്ച് വയസ് പ്രായമുളള ചേച്ചിയോളം ഭാരമുണ്ട് അനിയൻ ആർലെയ്‌ക്ക്. ചേച്ചിയ്‌ക്ക് 20 കിലോയാണ് ഭാരം അനിയന് ഏകദേശം 19 കിലോയും. ഇതിലെന്താ ഇത്ര കാര്യമെന്ന് ചോദിച്ചാൽ ആർലെയ്‌ക്ക് ഇപ്പോൾ ഒരു വയസ് പോലുമായിട്ടില്ല എന്നതാണ് കാര്യം. 11 മാസം മാത്രമാണ് ആർലെയുടെ പ്രായം. ഈ പ്രായത്തിലുളള മറ്റ് കുട്ടികളെക്കാൾ ഇരട്ടിയിലധികം ഭാരമുണ്ട് ആർലെയ്‌ക്ക്.
വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞിന് മൂന്ന് വയസുകാരുടേതാണ് പാകമാകുന്നതെന്ന് ബ്രിട്ടണിലെ എസെക്‌സ് സ്വദേശിയായ അമ്മ മോളി ആപ്‌സ് പറയുന്നു. ആർലെയെ എടുക്കേണ്ടിവരുമ്പോഴും ഇത്തിരി വിഷമമുണ്ട്. കുഞ്ഞുമായി പടിക്കെട്ടുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. നിലത്തിരുന്നു ആർലെ കൈ നിട്ടിയാൽ മോളിയുടെ പകുതിയോളം നീളമുണ്ട്. എസെക്‌സിലെ മൂന്നാം നിലയിലെ തങ്ങളുടെ ഫ്ളാറ്റിൽ കുഞ്ഞുമൊത്ത് എത്താൻ ബുദ്ധിമുട്ടുണ്ട് മോളിയ്‌ക്ക്.
2021 മേയ് 17ന് ആർലെ ജനിച്ചപ്പോൾ അവന് 4.5 കിലോ ഭാരമുണ്ടായിരുന്നു. ഏതാനും മാസങ്ങൾ സാധാരണ കുഞ്ഞുങ്ങളെപ്പോലെയായിരുന്നു. പിന്നീടാണ് ഭാരം കൂടിയതെന്ന് പറയുന്നു അമ്മ മോളി. പാലും പഴങ്ങളും ഇഷ്‌ടപ്പെടുന്ന ആർലെ അധികം കഴിക്കാൻ ഇഷ്‌ടപ്പെടുന്നില്ല. 11 മാസത്തിൽ കുഞ്ഞുങ്ങൾക്ക് സാധാരണയായി 9.4 കിലോയാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇതിന്റെ ഇരട്ടിയുണ്ട് ഇപ്പോൾ ആർലെയുടെ ഭാരം. വലുപ്പം കൂടുതലെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും ആർലെയ്‌ക്കില്ല.