mm

അടിയന്തരാവസ്ഥ കാലത്ത് ഉടുമുണ്ടുരിഞ്ഞ് കൈയ്യിൽ കെട്ടിയാണ് എന്നെ അറസ്റ്ര് ചെയ്‌തത്. റോഡിലൂടെ നടത്തിച്ച് അടിമാലി സ്റ്റേഷനിൽ കൊണ്ടുപോയാണ് കൈയ്യിലെ മുണ്ട് അഴിച്ചുമാറ്റി വിലങ്ങുവച്ചത്. 15 ദിവസം വിലങ്ങുവച്ച് സ്റ്റേഷനിൽ തന്നെ നിർത്തിയിരുന്നു. ആഹാരം കഴിക്കാനും ടോയ്ലെറ്റിൽ പോകാനും വേണ്ടി മാത്രമാണ് വിലങ്ങ് ഊരിയിരുന്നത്. ആഹാരം കഴിച്ചശേഷം വീണ്ടും വിലങ്ങിടും. അതുകൊണ്ട് തന്നെ ആഹാരമെന്ന് വച്ചാൽ എനിക്ക് സ്വാതന്ത്ര്യമാണ്. അടിയന്തരവാസ്ഥയെ തുടർന്ന് 45 ദിവസം ദേവികുളം ജയിലിലും 45 ദിവസം പീരുമേട് ജയിലിലും കിടന്നു. അന്ന് ഗോതമ്പ് കഞ്ഞിയായിരുന്നു ആഹാരം. കൂടുതൽ ഭക്ഷണം വേണമെന്ന് പറഞ്ഞാൽ നല്ല തല്ല് കിട്ടും. കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ഞാൻ ജനിച്ചത്. 11 വയസുളളപ്പോഴാണ് ഇടുക്കിയിലേക്ക് കുടിയേറിയത്. അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുളളൂ. പട്ടിണിയും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ജീവിതം. കപ്പ,കാച്ചിൽ,ചേമ്പ്,ചേന തുടങ്ങിയവയായിരുന്നു കുടിയേറ്റ മേഖലയിലെ ഭക്ഷണം. ഇതൊക്കെ നമ്മൾ തന്നെ കൃഷി ചെയ്‌ത് ഉണ്ടാക്കിയെടുക്കുന്നതാണ്. നെൽകൃഷിയും ഉണ്ടായിരുന്നു.ആഹാരത്തിന് വലിയ വിഷമമുളള സന്ദർഭങ്ങൾ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഉണ്ടായിരുന്നു. അന്നൊക്കെ അച്ഛനും അമ്മയും ഞങ്ങളുമെല്ലാം ഉളളതുകൊണ്ട് തൃപ്‌തിപ്പെട്ടു. അന്ന് വിശപ്പകറ്റാൻ കിട്ടുന്നതെന്തും കഴിക്കുന്ന രീതിയായിരുന്നു. പിന്നീട് കഞ്ഞിയും ചോറും ചപ്പാത്തിയുമെല്ലാം കഴിക്കാൻ തുടങ്ങി. മന്ത്രിയും വലിയ നേതാവുമൊക്കെയായെന്ന് കരുതി എന്റെ ആഹാരരീതിയലൊന്നും മാറ്റം വന്നിട്ടില്ല. മുമ്പുളളത് പോലെ തന്നെയാണ് ഇപ്പോഴും.പണ്ട് ഇടുക്കിയിൽ വെടിയിറച്ചി സുലഭമായിരുന്നു. ഇപ്പോൾ അതിനെപ്പറ്റിയൊക്കെ ചിന്തിച്ചാൽ തന്നെ കേസാകും. പാർട്ടി പ്രവർത്തനമെന്ന് പറഞ്ഞാലേ പട്ടിണിയും ദുരിതവുമായിരുന്നു. ഇന്ന് അങ്ങനെയല്ല. എം.എൽ.എ ആയതുകൊണ്ട് എവിടെ പോയാലും നല്ല ഭക്ഷണം കിട്ടും. പാർട്ടി പ്രവർത്തനത്തിന് യാതൊരു വിഷമവുമില്ല. ഇരുപതാം വയസിലായിരുന്നു വിവാഹം. അഞ്ച് പെൺകുട്ടികളാണ്. പാർട്ടി പ്രവർത്തനത്തിനിടെ അവർക്ക് ആഹാരം കണ്ടെത്തി കൊടുക്കേണ്ടത് എന്റെ ചുമതലയായിരുന്നു.പതിയെ പതിയെ ബുദ്ധിമുട്ടുകൾ മാറി. കുരുമുളകും കാപ്പിയുമൊക്കെ കൃഷി ചെയ്‌ത് തുടങ്ങിയതോടെ വീട്ടിൽ ആദായം വന്നുതുടങ്ങി. ആദ്യകാല രാഷ്‌ട്രീയ പ്രവർത്തനത്തിലെ പ്രധാന ആഹാരം വഴിയിൽ കാണുന്ന കപ്പ് പിഴുത് പച്ചയ്‌ക്ക് കഴിക്കുന്നതായിരുന്നു.സഖാക്കളുടെ വീട്ടിൽ പോയാൽ കഞ്ഞിയൊക്കെ തരുമായിരുന്നു. ഇഷ്‌ടപ്പെട്ട ഭക്ഷണം എന്നൊന്നില്ല. എന്നാലും ഭാര്യയുണ്ടാക്കുന്ന കപ്പയും മീൻകറിയുമാണ് ഇഷ്‌ടം. ഉണക്കമീൻ ചുട്ടതും നല്ലതുപോലെ കഴിക്കും. ഉച്ചയ്‌ക്ക് മീൻകറി നിർബന്ധമാണ്. ഫാസ്റ്റ് ഫുഡൊക്കെ കഴിക്കും. ചിക്കനും മട്ടനും കഴിക്കുമെങ്കിലും ബീഫ് കൊണ്ടുളള ഒന്നും കഴിക്കില്ല. കൊളസ്‌ട്രോളാണ് വില്ലൻ. കുഞ്ചിതണ്ണിയിലെ ചായക്കട,രാജക്കാട്ടും അടിമാലിയിലുമുളള ഹോട്ടലുകൾ ഇവിടെയെല്ലാം കയറി ആഹാരം കഴിക്കും. ജീവൻനിലനിർത്താൻ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കരുത്. മിതമായ ഭക്ഷണം കഴിച്ചാൽ മതി. അനാവശ്യമായി ഭക്ഷണം കഴിച്ചാൽ അജീർണമാകും,ആരോഗ്യം ക്ഷയിക്കും. ദഹിക്കുന്ന ഭക്ഷണമേ കഴിക്കാവൂ.

തയ്യാറാക്കിയത്: സായ്‌കൃഷ്‌ണ.ആർ.പി ഫോൺ: 8075157166