
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നവയാണ് വൃക്ഷങ്ങൾ. നമുക്ക് ചുറ്റുപാടുമുള്ള മരങ്ങൾ വിവിധ ഗുണങ്ങൾ നൽകുന്നവയാണ്. അതിനാൽ മരം മുറിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ത്രീയെ അമ്മയായും സുഹൃത്തിനെ സഹായിയായും പിതാവിനെയും ഗുരുവിനെയും ദൈവമായും പെൺകുട്ടിയെ മകളായും കാണണമെന്നാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. അതുപോലെ മരങ്ങളെ നന്മയുടെ പ്രതീകമായാണ് കരുതിയിരുന്നത്. വൃക്ഷത്തിന്റെ നിലനിൽപ്പിലൂടെ മനുഷ്യരാശിയുടെ നിലനിൽപ്പാണ് ആചാര്യന്മാർ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ വൃക്ഷങ്ങളെയും ദൈവമായിട്ടാണ് അവർ ആരാധിച്ചിരുന്നത്. എപ്പോഴെങ്കിലും വൃക്ഷം മുറിക്കേണ്ടി വന്നാൽ മരത്തോട് മാത്രമല്ല അതിൽ താമസിച്ച് വരുന്ന പക്ഷികളുൾപ്പെടെയുള്ള ജീവികളോടും മാറിത്താമസിക്കാൻ അപേക്ഷിച്ച് ക്ഷമ ചോദിക്കണം.
യാനീഹി ഭൂതാനി വസന്തിനാനി
ബലീം ഗൃഹീത്വാ വിധിവൽ പ്രയുക്തം
അന്യത്രവാസം പരികൽപ്പയാമി
ക്ഷമന്തു താനദ്യ നമോസ്തുതേഭ്യ:
വൃക്ഷങ്ങൾ ഏതുവരെ നിലനിൽക്കുമോ അതുവരെ മാത്രമേ മനുഷ്യനും നിലനിൽപ്പുള്ളൂ എന്ന് ഋഗ്വേദത്തിൽ പറയുന്നു. ഋഷീശ്വരന്മാരെയും അവരുടെ വചനങ്ങളും തള്ളിക്കളഞ്ഞ് ആധുനികതയിലേയ്ക്ക് പോകുന്നവർ വൃക്ഷങ്ങളെ തള്ളിക്കളയുന്നത് വഴി വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നു. തണലിൽ വിശ്രമിക്കുന്ന മൃഗങ്ങൾക്കും ശിഖരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികൾക്കും പൊത്തുകളിൽ താമസമാക്കിയ പ്രാണികൾക്കും പൂക്കളിൽ നിന്നും തേൻ നുകരുന്ന വണ്ടുകൾക്കും ചിത്രശലഭങ്ങൾക്കും തന്റെ അവയവങ്ങൾ കൊണ്ട് സുഖം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങൾ എക്കാലത്തും പ്രശംസിക്കപ്പെടണമെന്ന് പഞ്ചതന്ത്രത്തിലും പറയുന്നു. മനുഷ്യ രാശിക്ക് ഗുണം മാത്രം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളെ പൂർവികർ വിളക്ക് വച്ച് ആരാധിച്ചിരുന്നു. ഒരു ആൽമരം വീണാൽ ചിത കൂട്ടി മനുഷ്യരെ ദഹിപ്പിക്കുന്നപോലെ ദഹിപ്പിക്കണമെന്ന് ഭാരതീയ സംസ്കാരത്തിൽ വിധിച്ചിരിക്കുന്നത്.
മുന്നൂറ് സ്ക്വയർ മീറ്റർ വരെ വിസ്താരമുളള ഒരു ആൽമരം ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോഗ്രാം പ്രണവായുവിനെ പുറത്തു വിടുന്നു എന്നും, വലിയ ഒരു ആൽമരം ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം അതിൻറെ വേരുകളിൽ ശേഖരിച്ചു നിർത്തുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.