
രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ വ്യാപകമായി തീപിടിച്ച് അപടകടമുണ്ടാക്കുന്ന സംഭവങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു കമന്റാണ് മുകളിൽ സൂചിപ്പിച്ചത്. ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് ഇപ്പോൾ പെട്രോൾ വില കണ്ട് ഭയന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങിയവരുടെ അവസ്ഥ. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 27 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് തീപിടിച്ച് കത്തി നശിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരന്തരം അപകടമുണ്ടാക്കുന്നതോടെ കേന്ദ്രം വാഹന നിർമ്മാതാക്കൾക്ക് ശക്തമായ താക്കീതാണ് നൽകിയത്. ഇതിന്റെ ഫലമായി നിരവധി കമ്പനികൾ തങ്ങളുടെ ഉത്പന്നം പരിശോധനയ്ക്കായി തിരികെ വിളിച്ചിരിക്കുകയാണ്. ചില കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് മുഴുവൻ വാഹനങ്ങളും തിരികെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഇപ്പോൾ സംഭവിക്കുന്ന അപകട പരമ്പര ഇന്ത്യയുടെ ഒരു വലിയ സ്വപ്നത്തിന് കൂടിയാണ് തുരങ്കം വയ്ക്കുന്നത്. വിദേശ നാണ്യ ശേഖരത്തിൽ ഭീമമായ ഇടിവുണ്ടാക്കുന്ന എണ്ണ ഇറക്കുമതി ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കുന്നതോടെ കുറയ്ക്കാമെന്ന കണക്ക് കൂട്ടലിലാണ് സർക്കാർ, ഇതിന് പുറമേ പ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടറുകൾ വ്യാപകമാകുന്നതോടെ അന്തരീക്ഷ മലിനീകരണത്തിലും വലിയൊരു മാറ്റം ഉണ്ടാകുമായിരുന്നു. എന്നാൽ ബാറ്ററി തീപിടിത്തങ്ങൾ വൈദ്യുത വാഹനങ്ങളിൽ ആവർത്തിക്കുമ്പോൾ പുതിയ വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നയാൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരഞ്ഞെടുക്കുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
ഒരു ദേശീയ മാദ്ധ്യമം പുറത്ത് വിട്ട കണക്ക് പ്രകാരം ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങില്ലെന്ന് പറഞ്ഞവരുടെ എണ്ണം മാർച്ച് വരെയുള്ള കഴിഞ്ഞ ഏഴ് മാസങ്ങളിൽ എട്ട് മടങ്ങ് വർദ്ധിച്ച് 17% ആയി ഉയർന്നു. ഇനി വരുന്ന ആറ് മാസത്തിനുള്ളിൽ വെറും രണ്ട് ശതമാനം ആളുകൾ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ സാദ്ധ്യതയുള്ളത്. ഇതിന് പുറമേ നിലവിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവരും ആശങ്കയിലാണ്. 'എനിക്ക് ഇവി വിപ്ലവത്തിന്റെ ഭാഗമാകാനും മലിനീകരണം തടയാനും ആഗ്രഹമുണ്ട്, പക്ഷേ എന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും സുരക്ഷയേക്കാൾ മറ്റൊന്നും പ്രധാനമല്ല,' ചെന്നൈയിൽ നിന്നുള്ള 36 കാരൻ പറയുന്നു.
രാജ്യമെമ്പാടും അന്തരീക്ഷ താപനിലയിൽ വർദ്ധനവുണ്ടായ സമയത്താണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ തീപിടിക്കുന്നത് എന്നതും പഠനവിധേയമാക്കേണ്ടതാണ്. പാർക്ക് ചെയ്ത അവസ്ഥയിൽ പോലും സ്‌കൂട്ടറുകൾ നിരവധി ഇടത്ത് കത്തിയിരുന്നു. ഇതിനൊപ്പം സ്‌കൂട്ടർ ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ട്. അടിക്കടി സാങ്കേതിക തകരാർ സംഭവിക്കുന്നതിനാൽ പെട്രോളൊഴിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താവ് കത്തിച്ച സംഭവം വരെ അടുത്ത ദിവസമുണ്ടായി. ഇന്ത്യയിലെ നിരത്തുകളിലെ കുഴികൾ ഉൾപ്പടെയുള്ളവ തീപിടിത്തത്തിന് കാരണമാവുന്നു എന്ന ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. മിക്ക കമ്പനികളും സ്‌കൂട്ടറുകളുടെ ഭാഗങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവ ഇന്ത്യൻ കാലാവസ്ഥയ്‌ക്കോ നിരത്തുകൾക്കോ അനുയോജ്യമായ രീതിയിൽ നിർമ്മിക്കപ്പെട്ടതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.