
പ്രണയിനിയെ സ്വന്തമാക്കാൻ യുദ്ധം ചെയ്യുന്ന രാജാക്കൻമാരുടെ കഥകളും സിനിമകളും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകും. എന്നാൽ അത്തരമൊരു യുദ്ധം ചെയ്യുന്നത് രണ്ട് ആൺകടുവകൾ ആണെങ്കിലോ? അപൂർവങ്ങളിൽ അപൂർവമായ അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഒരു പെൺകടുവയെ സ്വന്തമാക്കാൻ രണ്ട് ആൺ കടുവകൾ പോരടിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഒഫീസർ സുശാന്ത നന്ദയാണ് പങ്കുവച്ചത്. മദ്ധ്യപ്രദേശിലെ കൻഹ ദേശീയോദ്യാനത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. കൻഹ കടുവ സങ്കേതം എന്നും ഇവിടം അറിയപ്പെടുന്നു. കടുവ, കുറുക്കൻ, കാട്ടുപന്നി എന്നിവയെ ഇവിടെ ധാരാളമായി കാണാം. ഇരപിടിയൻ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്. കൻഹ ദേശീയോദ്യാനത്തിലെ സോണ്ടാർ ടാങ്ക്, ബാബതേംഗ ടാങ്ക് എന്നീ ജലാശയങ്ങളിൽ മൃഗങ്ങൾ ഒത്തുകൂടുന്നത് പതിവാണ്.
Two adult males fighting it out for the female…
— Susanta Nanda IFS (@susantananda3) April 28, 2022
As expected, the dominant male won the battle & favour from the queen.
(From SM) pic.twitter.com/jzhoQ3KHCB
വീഡിയോയുടെ തുടക്കത്തിൽ രണ്ട് ആൺ കടുവകൾ നടന്നുവരുന്നതായി കാണാം. പിന്നാലെ ഇരുവരും കടുത്ത പോരാട്ടം നടത്തുന്നു. ശേഷം ഒരു നിമിഷം അടിപിടി നിർത്തി സംഭവങ്ങൾ വീക്ഷിക്കുകയായിരുന്നു പെൺകടുവയെ നോക്കുന്നു. ഇരുവരും തല ഒന്നു കുമ്പിട്ട് വണങ്ങിയ ശേഷം പരസ്പരം നോക്കി. വീണ്ടും പോരാട്ടം തുടങ്ങി. പരീസരമൊക്കെ വീക്ഷിക്കാൻ കുറച്ച് നേരം വീണ്ടും നിർത്തുന്നു. തുടർന്ന് ശക്തമായ പോരാട്ടം. ഇതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിനോടകം തന്നെ പതിനായിരത്തിൽപ്പരം പേരാണ് ദൃശ്യങ്ങൾ കണ്ടത്. വളരെ വ്യത്യസ്തമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.