
മുംബയ്: വിവാഹദിവസം മദ്യപിച്ച് ലക്കുകെട്ട വരന് സമയത്ത് മണ്ഡപത്തിൽ എത്താൻ സാധിക്കാതെ വന്നതോടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുടങ്ങി. നേരത്തെ നിശ്ചയിച്ച വിവാഹത്തിന് പകരം വധുവിനെ ബന്ധുവായ യുവാവ് വിവാഹം ചെയ്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു മുഹൂർത്തം. എന്നാൽ വിവാഹത്തിന് സമയം ആയിട്ടും വരനെ കാണാത്തതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു.
തുടർന്ന് കൂട്ടുകാരോടൊപ്പം മദ്യലഹരിയിൽ നൃത്തം ചെയ്യുന്ന വരനെയാണ് അവർ കണ്ടെത്തിയത്. മദ്യപിച്ച് ലക്കുകെട്ട വരൻ വിവാഹത്തെകുറിച്ച് പോലും മറന്നുപോയിരുന്നു. ബന്ധുക്കൾ മടങ്ങിപോയി വധുവിന്റെ പിതാവിനോട് കാര്യങ്ങൾ പറയുകയും അദ്ദേഹം ബന്ധുവായ യുവാവിനോട് മകളെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന് ചോദിക്കുകയുമായിരുന്നു. യുവാവ് സമ്മതം അറിയിച്ചതോടെ ആ വിവാഹം നടന്നു.
എന്നാൽ രാത്രി എട്ടരയോടെ കെട്ടിറങ്ങിയ വരനും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലെത്തി ബഹളം ഉണ്ടാക്കി. തുടർന്ന് വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വൈകിട്ട് നാലിന് നിശ്ചയിച്ചിരുന്ന വിവാഹത്തിന് രാത്രി എട്ടിനല്ല എത്തേണ്ടതെന്നും തന്റെ മകളുടെ നല്ല ഭാവിയോർത്താണ് താൻ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വധുവിന്റെ പിതാവ് ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.