
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങൾ വർഷാവർഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ് നാം. ആഗോള താപനവും, പ്രകൃതി ക്ഷോഭങ്ങളും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാൽ ശരിക്കുമുള്ള ദുരന്തം ഇനിയാണ് വരാനിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കാലാവസ്ഥാവ്യതിയാനം, 2070 ഓടുകൂടി പലതരം പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ആയിരക്കണക്കിന് വൈറസുകളെ ജന്തുക്കൾക്കിടയിൽ അതിവേഗം പടരാൻ ഇടയാക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയും കാലാവസ്ഥാ വ്യതിയാനം കാരണം വർദ്ധിക്കും.

ഇത്തരം അസുഖങ്ങൾ ഏറ്റവുമധികം ഉണ്ടാകാനിടയുള്ളത് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചില നൂറ്റാണ്ടുകളായി പല മാരക രോഗങ്ങളുടെയും ഹോട്ട്സ്‌പോട്ടുകളാണ് ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾ. ഫ്ലു, എച്ച് ഐ വി, എബോള, കൊവിഡ് ഉൾപ്പടെയുള്ള പല രോഗങ്ങളും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിച്ച കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്തത് ഈ രാജ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
ഭൂമിയുടെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത 50 വർഷത്തിനുള്ളിൽ മൂവായിരത്തിലധികം സസ്തനികൾ എങ്ങനെ വിവിധയിടങ്ങളിലേക്ക് കുടിയേറ്റം നടത്തുമെന്ന് ഗവേഷകർ പഠിച്ചു. ഇതുവഴി ആ മൃഗങ്ങളുടെ ശരീരത്ത് നിന്നും എങ്ങനെ വൈറസുകൾ മറ്റ് മൃഗങ്ങളിലേക്ക് പകരുമെന്ന കാര്യത്തെപ്പറ്റിയും അവർ വിശദമായി ഗവേഷണം നടത്തി.

ഇത്തരത്തിൽ സസ്തനികളിൽ മാത്രം 4000 ൽ അധികം തവണ ജീവികൾ തമ്മിൽ വൈറസുകൾ പടരുമെന്ന് അവർ കണ്ടെത്തി. പഠനത്തിൽ പക്ഷികളെയും സമുദ്ര ജീവികളെയും ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തതയും ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
ഇത്തരത്തിൽ മൃഗങ്ങളിൽ തമ്മിൽ പടരുന്ന എല്ലാ വൈറസുകളും മനുഷ്യരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയോ കൊവിഡ് 19 പോലെ ലോകം മുഴുവൻ പടർന്നുപിടിക്കുകയോ ചെയ്യില്ല. എന്നിരുന്നാലും മൃഗങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യുന്ന വൈറസുകളുടെ എണ്ണം ഇത്രത്തോളം ഉണ്ടെന്നതിനാൽ അവയിൽ എത്രയെണ്ണം മനുഷ്യർക്ക് ഭീഷണി ഉയർത്തുമെന്ന കാര്യം ശരിയായി പ്രവചിക്കാനാവില്ല.
കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധികളും തമ്മിലുള്ള ബന്ധത്തെ പറ്റി ചർച്ച ചെയ്യുന്ന പഠനങ്ങൾ കുറവാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ കോളിൻ കാൾസൺ പറഞ്ഞു. ഭൂമിയുടെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് പുതിയ വൈറസുകൾ രൂപാന്തരപ്പെടുന്നതിന് കാരണമാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.