punjab-shiv-sena

ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിൽ ശിവസേന റാലിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. റാലിക്കിടെ ഖലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്ന് പട്യാല കാളി മാത ക്ഷേത്രത്തിന് സമീപം ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കല്ലെറിയുകയും പരസ്പരം വടിവാൾ വീശുകയും ചെയ്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വൈകിട്ട് ആറുവരെ പട്യാലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.