pocso

രാജസ്ഥാനിൽ 15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്

 11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി


ജയ്‌പൂർ: രാജസ്ഥാനിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പോക്സോ കേസിൽ രാജ്യത്ത് ആദ്യമായാണ് രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്. 11ദിവസത്തിനകം പ്രതികളെ തൂക്കിലേറ്റണമെന്നും ബുണ്ടി ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടു. മൂന്നാം പ്രതിയായ 17കാരനെ ജുവനൈൽ ഹോമിലേക്കു മാറ്റും.

ആടുമേയ്‌ക്കാൻ വനത്തിൽ പോയ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലാണ് പ്രതികളായ സുൽത്താൻ ഭിൽ (27), ഛോട്ടുലാൽ (62) എന്നിവർക്ക് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. രണ്ടുപ്രതികൾക്കും 1.20 ലക്ഷം രൂപ പിഴയും ജഡ്‌ജി ബാൽകൃഷ്‌ണ മിശ്ര ചുമത്തി.

2021 ഡിസംബർ 23 ന് ബസോലിയിലെ കല കുവാനിനടുത്തുള്ള വനത്തിലായിരുന്നു സംഭവം. സുൽത്താന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി സഹായത്തിന് അടുത്തബന്ധുവായ ചോട്ടുലാലിന്റെ അടുത്തെത്തിയപ്പോൾ അയാളും ക്രൂരമായി പീഡിപ്പിച്ചു. കൂട്ട മാനഭംഗത്തിന് ശേഷം പെൺകുട്ടിയുടെ വായിൽ പച്ചമത്സ്യം തിരുകിക്കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം പലതവണ ലൈംഗികമായി ഉപയോഗിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ 19 ഇടത്ത് കടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പൊലീസ് 40 ദിവസം കൊണ്ടാണ് 100 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

രാജസ്ഥാൻ ഹൈക്കോടതിയിലെ അഭിഭാഷകൻ മഹാവീർ സിംഗ് കിഷ്‌നാവത് ആയിരുന്നു സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ.