afghan

കാബൂൾ : അഫ്ഗാനിൽ രണ്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 19 മരണം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ മുസ്ലിം പള്ളിയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ കാബൂളിലെ സുന്നി ഭൂരിപക്ഷ മേഖലയിലെ ഖലിഫ സാഹിബ് പള്ളിയിൽ പ്രാദേശിക സമയം ഇന്നലെ ഉച്ച തിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. 20 പേർക്ക് പരിക്കേറ്റു.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിശുദ്ധ റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ നൂറുകണക്കിന് പേർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയിരുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അതേ സമയം, വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിലെ മസാർ - ഇ - ഷെരീഫിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ 9 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് പ്രദേശത്തെ ഷിയാ മുസ്ലീങ്ങൾ സഞ്ചരിച്ചിരുന്ന രണ്ട് പാസഞ്ചർ വാനുകളിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ മിനി​റ്റുകളുടെ വ്യത്യാസത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

മസാർ - ഇ - ഷെരീഫിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏ​റ്റെടുത്തു. അഫ്ഗാനിൽ ഷിയാ മുസ്ലിങ്ങൾക്ക് നേരെയുള്ള ഭീകരാക്രമണങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞാഴ്ചയാണ് മസാർ - ഇ - ഷെരീഫിലെ തന്നെ സെഹ് ദോക്കനിലുള്ള ഷിയാ മുസ്ലിം പള്ളിയിൽ നടന്ന വൻ സ്ഫോടനത്തിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ഒരു ഡസനിലേറെ പേർ കൊല്ലപ്പെട്ടത്.