
മലപ്പുറം: ഇന്നലെ കർണാടകയ്ക്കെതിരായ സെമിഫൈനലിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോൾ അടിച്ച് കേരളത്തിന്റെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ച ജസിന്റെ പ്രകടനത്തിൽ തകർന്നത് ഒരുപിടി റെക്കാഡുകൾ. ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡാണ് ഇന്നലെ ജസിൻ തകർത്തത്. മഹാരാഷ്ട്രയുടെ ജസ്വന്ത് സിംഗിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കാഡ്. 1987 സന്തോഷ് ട്രോഫിയിൽ ഹരിയാനയ്ക്കെതിരെയായിരുന്നു ജസ്വന്ത് സിംഗിന്റെ പ്രകടനം. മൂന്ന് ഗോളുകളായിരുന്നു അന്ന് ജസ്വന്ത് സിംഗ് പകരക്കാരനായി ഇറങ്ങിയ ശേഷം അടിച്ചുകൂട്ടിയത്. പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടിയ കളിക്കാരനും സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.
കേരളത്തിന് വേണ്ടി ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡും ഇനിമുതൽ ജസിന്റെ പേരിലായിരിക്കും. മറ്റൊരു മലപ്പുറംകാരനായ ആസിഫ് സഹീറിന്റെ പേരിലായിരുന്നു ഇത്രയും നാൾ ഈ റെക്കാഡ്. 1999 സന്തോഷ് ട്രോഫിയിൽ ബിഹാറിന് എതിരെ നാല് ഗോളുകളാണ് ആസിഫ് സഹീർ അന്ന് അടിച്ചത്. ആസിഫ് സഹീറിന്റെ ആദ്യ സന്തോഷ് ട്രോഫി കൂടിയായിരുന്നു അത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ആസിഫ് സഹീർ തന്നെയാണ്.
1974ൽ 23 ഗോളുകൾ നേടിയ പഞ്ചാബിന്റെ ഇന്ദർ സിംഗാണ് സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കാഡും ഇന്ദർസിംഗിന്റെ പേരിൽ തന്നെയാണ് - ഏഴ് ഗോളുകൾ.
സെമിഫൈനലിൽ നടത്തിയ അഞ്ച് ഗോൾ പ്രകടനം ഫൈനലിലും തുടരാൻ ജസിന് സാധിച്ചാൽ മറ്റൊരു റെക്കാഡ് കൂടി ജസിന്റെ പേരിൽ സ്വന്തമാകും. സന്തോഷ് ട്രോഫി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന് റെക്കാഡ്. 1969 സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനു വേണ്ടി സർവീസസിനെതിരെ ബഡെ മിയാൻ ഹബീബ് സാബ് നേടിയ അഞ്ച് ഗോളുകളാണ് നിലവിലെ റെക്കാഡ്.