
കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ താൻ നിരവധി തവണ അവഗണന നേരിട്ടെന്നും ഹിന്ദുവായതിനാൽ മാത്രമാണ് തനിക്ക് അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നതെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ഇത് ആദ്യമായല്ല കനേരിയ പാകിസ്ഥാൻ ടീമിൽ താൻ അനുഭവിച്ച അവഗണനകളെ കുറിച്ച് സംസാരിക്കുന്നത്. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അഫ്രീദി മറ്റ് പാക്ക് താരങ്ങളോട് തന്നെകുറിച്ച് മോശം കാര്യങ്ങൾ പറയുന്നത് പതിവായിരുന്നെന്നും കനേരിയ പറഞ്ഞു.
നിലവിൽ ഒത്തുകളിക്ക് ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന കനേരിയ തന്റെ വിലക്കിന് പിന്നിലും തന്റെ മതമാണ് കാരണമെന്ന് കൂട്ടിച്ചേർത്തു. ഒത്തുകളി വിവാദത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെ കരുവാക്കുകയായിരുന്നെന്ന് കനേരിയ ആരോപിച്ചു. തനിക്ക് ഒരു വാതുവയ്പ്പുകാരനെ പരിചമുണ്ടായിരുന്നെന്നത് സത്യമായിരുന്നെന്നും എന്നാൽ അഫ്രീദി ഉൾപ്പെടെയുള്ള നിരവധി പാകിസ്ഥാൻ താരങ്ങൾക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നെന്ന് കനേരിയ പറഞ്ഞു. എന്നാൽ ക്രിക്കറ്റ് ബോർഡ് തന്നെ ഒരു ഇരയാക്കുകയായിരുന്നെന്നും തനിക്കെതിരെ നടപടിയെടുത്താൽ ടീമിനുള്ളിൽ നിന്നുപോലും ആരും എതിർക്കില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നെന്നും കനേരിയ വ്യക്തമാക്കി.
പാകിസ്ഥാൻ ടീമിനുള്ളിൽ കനേരിയ നേരിട്ട അവഗണനയെ കുറിച്ച് മുൻ പേസർ ഷൊയിബ് അക്തറാണ് ആദ്യം തുറന്ന് സംസാരിച്ചത്. അതിനുശേഷം മാത്രമാണ് കനേരിയ പോലും ഇതിനെകുറിച്ച് സംസാരിക്കാൻ തയ്യാറായത്. താൻ അനുഭവിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ തുറന്നുകാണിച്ചതിന് അക്തറിനോട് നന്ദിയും കടപ്പാടും ഉണ്ടെന്നും എന്നാൽ പിൽക്കാലത്ത് അക്തറിനെ പോലും നിശബ്ദമാക്കാൻ അഫ്രീദി അടങ്ങുന്ന സംഘത്തിന് സാധിച്ചെന്നും കനേരിയ ആരോപിച്ചു.