
കാബൂൾ: അഫ്ഗാൻ തലസ്ഥാനത്തെ നടുക്കി വീണ്ടും സ്‌ഫോടനം. കാബൂളിലെ ഖലീഫ അഗ ഗുൽ ജാൻ പള്ളിയിലാണ് ഇന്ന് ഉച്ചയോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് താലിബാൻ വക്താവ് അറിയിച്ചു.
റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളിയിൽ നിസ്‌കരിക്കുന്നതിനായി നൂറ് കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്. അതിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
സംഭവത്തിന് പിന്നാലെ താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞതിനാൽ ആഭ്യന്തര മന്ത്രാലയ വക്താവായ മുഹമ്മദ് നാഫി ടാക്കോറിന് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിഞ്ഞില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്നും പൊട്ടിത്തെറിയിൽ പള്ളിയും പരിസര പ്രദേശങ്ങളും വല്ലാതെ കുലുങ്ങിയെന്നും പ്രദേശവാസികൾ പറഞ്ഞു. സുന്നി വിഭാഗത്തിൽപെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശമായതിനാൽ പള്ളിയിലെത്തുന്നവരും ഈ സമുദായത്തിൽപ്പെട്ടവരാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി കാബൂളിൽ സ്‌ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. ഇതിൽ ചിലതിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു.