
ദുബായ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സി ബി ഐ 5: ദ് ബ്രെയിനിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. പ്രദർശനം കാണാൻ ചിത്രത്തിലെ മുഖ്യകഥാപാത്രമായ സേതുരാമയ്യരെ അവതരിപ്പിക്കുന്ന മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി, രഞ്ജി പണിക്കർ എന്നിവരും പ്രദർശനം കാണുന്നതിന് വേണ്ടി ബുർജ് ഖലീഫയിൽ എത്തി. ദുൽഖർ സൽമാൻ നായകനായ കുറുപ്പാണ് ഇതിന് മുമ്പ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച മലയാള ചിത്രം.
ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരേ നായകനും ഒരേ സംവിധായകനും ഒരേ തിരക്കഥാകൃത്തും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് വേണ്ടി ഒരുമിക്കുന്നത്. മമ്മൂട്ടി കെ. മധു. എസ്.എൻ. സ്വാമി ടീമിനൊപ്പം സി.ബി.ഐ സീരിസിലെ എല്ലാ ചിത്രങ്ങളിലും പ്രവർത്തിച്ച മറ്റൊരാൾ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനാണ്.
മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും തമിഴ് നാടുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ വിപണിമൂല്യം വർദ്ധിപ്പിച്ചത് ഒരു സി.ബി.െഎ ഡയറിക്കുറിപ്പാണ്. മദ്രാസിലെ പഴയ സഫയർ തിയേറ്ററിൽ തുടർച്ചയായി 225 ദിവസമാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം കണ്ടാണ് നിർമ്മാതാവ് കോവൈ ചെഴിയൻ മമ്മൂട്ടി, കെ. മധു എസ്. എൻ. സ്വാമി ടീം തമിഴിൽ അരങ്ങേറിയ മൗനം സമ്മതം നിർമ്മിക്കാൻ മുന്നോട്ട് വന്നത്.
സി.ബി.ഐ 5 ൽ മമ്മൂട്ടിക്കും ജഗതിക്കുമൊപ്പം മുകേഷ്, രൺജി പണിക്കർ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, ആശാശരത്, മാളവിക മേനോൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
സ്വർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സി.ബി.ഐ സിരീസിലെ ഏറ്റവും അധികം കളക്ഷൻ നേടിയ സേതുരാമയ്യർ സി.ബി.ഐയുടെയും ഒടുവിലിറങ്ങിയ നേരറിയാൻ സി.ബി.ഐയുടെയും വിതരണം സ്വർഗചിത്രയായിരുന്നു.
അഖിൽ ജോർജാണ് സി.ബി.ഐ അഞ്ചിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്ക്സ് ബിജോയ്. സംഗീത മാന്ത്രികൻ ശ്യാം ഒരുക്കിയ സി.ബി.ഐ തീം മ്യൂസിക് പുതിയ ഭാഗത്തിന്റെയും സവിശേഷതകളിലൊന്നായിരിക്കും.