
മുംബയ് : ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് ചൂടുപിടിച്ചു നിൽക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടിയും ദേശീയ അവാർഡ് ജേതാവുമായ കങ്കണ റണൗട്ട്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ റണൗത്ത് പറഞ്ഞു. രാജ്യത്തെ രാഷ്ട്ര ഭാഷയാവേണ്ടത് ഹിന്ദിയോ ദക്ഷിണേന്ത്യൻ ഭാഷയോ അല്ലെന്നും സംസ്കൃതമാണെന്നും കങ്കണ പറയുന്നു.
രാജ്യം ഒന്നായിരിക്കാൻ വേണ്ടിയാണ് ഹിന്ദി രാഷ്ട്ര ഭാഷയാക്കിയത്. യഥാർത്ഥത്തിൽ തമിഴ് ഭാഷ ഹിന്ദിയേക്കാൾ പഴമയുള്ളതാണ്. പക്ഷെ അതിനേക്കാൾ പഴമയുള്ളതാണ് സംസ്കൃതം. സംസ്കൃതം ദേശീയ ഭാഷയാവണമെന്നാണ് ഞാൻ കരുതുന്നത്. കാരണം കന്നഡ, തമിഴ്, ഹിന്ദു, ഗുജറാത്തി തുടങ്ങിയ ഭാഷകളെല്ലാം സംസ്കൃതത്തിൽ നിന്നാണ് വന്നത്. സംസ്കൃതം ഒഴിവാക്കി ഹിന്ദി ദേശീയ ഭാഷയാക്കിയതെന്തിനെന്നതിന് എനിക്ക് ഉത്തരമില്ല. അത് ആ സമയത്തെടുത്ത തീരുമാനമാണ്,' കങ്കണ പറഞ്ഞു.
ഹിന്ദി ഇനി രാഷ്ട്രഭാഷയല്ലെന്ന തെന്നിന്ത്യൻ താരം കിച്ച സുദീപിന്റെ പരാമർശത്തില്‍ ആരംഭിച്ച ഭാഷ തര്‍ക്കത്തില്‍ അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു താരം. അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുമ്പോഴും, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് കങ്കണ വ്യക്തമാക്കി.