
ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളുടെ കൂടിച്ചേരൽ നടക്കുന്ന ദിവസമാണിന്ന്. ഇന്ന് ശരിയായ സമയത്ത് ആകാശത്തേക്ക് നോക്കിയാൽ രണ്ട് ഗ്രഹങ്ങൾ പരസ്പരം സ്പർശിക്കുന്നത് കാണാൻ കഴിയും. എല്ലാ വർഷവും നടക്കുന്ന പ്രതിഭാസമാണിതെങ്കിലും ഇപ്രാവശ്യം ഗ്രഹങ്ങൾ ഏറ്റവും അടുത്ത് എത്തിച്ചേരുന്ന അപൂർവ കാഴ്ചയാണ് നഗ്നനേത്രങ്ങളിലൂടെ പോലും കാണാൻ സാധിക്കുന്നത്.
സൗരയുഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും വ്യാഴവുമാണ് പരസ്പരം കൂട്ടിമുട്ടുന്നതായി ദൃശ്യമാവുന്നത്. യഥാർത്ഥത്തിൽ ഇവ രണ്ടും 430 ദശലക്ഷം മൈലുകൾ അകലെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂമിയിൽ നിന്ന് നോക്കിയാൽ ഏകദേശം കൂട്ടിമുട്ടുന്നതായി അനുഭവപ്പെടും. നഗ്നനേത്രത്താലോ ബൈനോക്കുലറിന്റെ സഹായത്താലോ ഈ പ്രതിഭാസം കാണാൻ സാധിക്കും. വരും ദിവസങ്ങളിൽ ഈ ഗ്രഹങ്ങൾ പരസ്പരം വേർപ്പെട്ട് അകലേക്ക് നീങ്ങാൻ തുടങ്ങും. കാലക്രമേണ സംഭവിക്കുന്ന പ്രതിഭാസമായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശുക്രനും വ്യാഴവും അടുത്ത് വരുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ച് വരികയായിരുന്നു.
ഇന്ന് രാത്രി ആകാശത്ത് നോക്കിയാൽ ഗ്രഹങ്ങളുടെ സംഗമം കാണാൻ സാധിക്കും. എല്ലാവർഷവും സംഭവിക്കുന്ന പ്രതിഭാസമാണെങ്കിലും ഗ്രഹങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതായി കാണപ്പെടുന്നത് ഇന്നത്തെ മാത്രം പ്രത്യേകതയാണ്. ഇനി വീണ്ടും ഇത്തരത്തിൽ സംഭവിക്കുക 17 വർഷങ്ങൾക്ക് ശേഷം അതായത് 2039ൽ ആയിരിക്കുമെന്നതിനാൽ ഈ അവസരം പാഴാക്കരുത്.