
പത്തനംതിട്ട: കെ റെയിലിന്റെ ഗുണങ്ങൾ വിശദീകരിച്ച് ഭവന സന്ദർശനം നടത്തുന്നതിനൊപ്പം കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തീരുമാനം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനും തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നതിനുമെതിരെ ശക്തമായ പ്രക്ഷോഭം നടത്തണമെന്ന പ്രമേയം പ്രതിനിധി സമ്മേളനം അംഗീകരിച്ചു.
യുവാക്കൾക്ക് തൊഴിൽ കൊടുക്കേണ്ട എച്ച്എൻഎൽ, ബിപിസിഎൽ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെ യുവജനങ്ങളെ അണിനിരത്തും.
ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സാമൂഹിക അവബോധം, വലതുപക്ഷവത്കരണത്തിന്റെ അപകടം എന്നീ വിഷയങ്ങളിൽ പ്രചാരണം സംഘടിപ്പിക്കാനുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചതായി സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘടനാ റിപ്പോർട്ടിലുള്ള ചർച്ച ഇന്ന് തുടരും. സമ്മേളനത്തിന് സമാപനം കുറിച്ച് പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ഒരുലക്ഷം യുവജനങ്ങളുടെ റാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് എത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ വീണാജോർജ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, ജനറൽ സെക്രട്ടറി അവോയ് മുഖർജി, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.