
തിരുവനന്തപുരം: ജോലിക്കുളള യാത്രയ്‌ക്കിടെ കാർ ഓടിച്ച ഡ്രൈവർക്ക് ഹൃദയാഘാതം. തിരുവനന്തപുരം നേമം പൊലീസ് സ്‌റ്റേഷനോട് ചേർന്ന സിഗ്നലിൽ വച്ച് വെളളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. നരുവാമൂട് അമ്മാനൂർക്കോണം ടിസി നിവാസിൽ ചന്ദ്രനാണ്(56) ഹൃദയാഘാതമുണ്ടായത്. തുടർന്ന് ഇദ്ദേഹം കുഴഞ്ഞുവീണു. ഇതോടെ കാർ തനിയെ ഉരുണ്ട് അടുത്തുളള കടയിൽ ഇടിച്ചുകയറി.
തിരുവനന്തപുരം എയർപോർട്ടിലെ കരാർ ജീവനക്കാരനാണ് ചന്ദ്രൻ. അപകടത്തിൽ പെട്ട കാർ ലോക്ക് ചെയ്‌തിരുന്നതിനാൽ ചന്ദ്രനെ ഉടൻ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് കാർ ചില്ല് തകർത്ത് നാട്ടുകാർ ഇദ്ദേഹത്തെ അതേ കാറിൽ നേമത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈലജയാണ് ചന്ദ്രന്റെ ഭാര്യ, ശാലിനി, അരുൺ എന്നിവർ മക്കൾ. അമ്മാനൂർക്കോണം സിഎസ്‌ഐ പളളിയിൽ സംസ്‌കാരം നടത്തി.