ramana

ന്യൂഡൽഹി: വിവിധ സംസ്ഥാന സർക്കാരുകൾ ശരിയാംവിധം പ്രവർത്തിച്ചാൽ കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് വിമർശിച്ച് സുപ്രീംകോടതി ചീഫ് ‌ജസ്‌റ്റിസ് എൻ.വി രമണ. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും സംയുക്ത കോൺഫറൻസിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോടതിയലക്ഷ്യ ഹർജികൾ കോടതികളുടെ ഭാരം വീണ്ടും വർദ്ധിപ്പിക്കുകയാണ്. ഭരണനിർവഹണം നീതിപൂർവമെങ്കിൽ കോടതി ഇടപെടില്ല. പഞ്ചായത്ത് തലം മുതൽ മതിയായ ഭരണനിർവഹണമുണ്ടായാൽ ജനങ്ങൾ കോടതിയെ സമീപിക്കേണ്ടി വരില്ല.

നിയമനിർവഹണം വ്യക്തമായ ചർച്ചകളിലൂടെ വേണം.നിയമങ്ങളിലെ അവ്യക്തതകൾ കോടതിയുടെ ഭാരം കൂട്ടും. ഹൈക്കോടതികളിൽ പ്രാദേശിക ഭാഷയിൽ വാദത്തിന് അനുമതി നൽകണം. ഭാഷാ പ്രാവീണ്യമല്ല നിയമ പരിജ്ഞാനമാണ് വേണ്ടത്. ജഡ്‌ജിമാരുടെ തസ്‌തികകളിലെ ഒഴിവുകൾ നികത്തണമെന്നും തസ്‌തികകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് നീതിപൂർവം പ്രവർത്തിക്കണം. നിയമവിരുദ്ധമായ അറസ്‌റ്റും പീഡനവും മറ്റും തടയണമെന്നും ജസ്‌റ്റിസ് എൻ.വി രമണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'വിധികളും കോടതി വ്യവഹാരവും ജനങ്ങൾക്ക് മനസിലാകുന്ന തരത്തിലാകണം, പ്രാദേശിക ഭാഷയുടെ ഉപയോഗം കോടതി പ്രോത്സാഹിപ്പിക്കണം.' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.