kseb

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 300 മെഗാ വാട്ട് കുറവാണ് ഉള‌ളതെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി അറിയിച്ചു. ജലവൈദ്യുത പദ്ധതികൾ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തിൽ പിടിച്ചുനിൽക്കുന്നത്. നാളെ ആന്ധ്രയിൽ നിന്നും വൈദ്യതി എത്തിക്കുമെന്നും നാളത്തോടെ തന്നെ സംസ്ഥാനത്തെ പവർകട്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വൈദ്യുതി മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നാല് മുതൽ എട്ട് മണിക്കൂർ വരെ പവർകട്ടുണ്ട്. ഇവിടെ ജലവൈദ്യുതി പദ്ധതികൾ ഉള‌ളതു കൊണ്ടാണ് പ്രശ്‌നമില്ലാതെ നീങ്ങുന്നത്. ജലവൈദ്യുത പദ്ധതികളെക്കുറിച്ച് അനാവശ്യമായി എതിർക്കാതെ മാദ്ധ്യമങ്ങൾ സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് സർക്കാരിനോട് സഹകരിക്കണം. അഞ്ച് ലൈറ്റ് കത്തിക്കുന്നതിന് മൂന്ന് ലൈറ്റാക്കിയാൽ താനെ അത് നിയന്ത്രിക്കാം. എന്നാൽ സഹകരിക്കണമെന്ന് പറയുന്നവർ തന്നെ വൈദ്യുതി അധിക ഉപയോഗം നടത്തുകയാണെന്ന് മന്ത്രി വിമർശിച്ചു.

കെഎസ്‌ഇബിയിലെ പ്രശ്‌നങ്ങൾ കുടുംബത്തിലെ പ്രശ്‌നങ്ങൾ പോലെയാണ്. കുടുംബത്തിലെ പ്രശ്‌നങ്ങൾ തീരും. മാനേജ്‌മെന്റിനും തൊഴിലാളിക്കും വേദനയില്ലാതെ പ്രശ്‌നപരിഹാരം നടത്തും. തൊഴിലാളികൾക്ക് അംഗീകാരം ലഭിക്കും. 14,000 കോടിയാണ് കെഎസ്‌ഇബിയുടെ നഷ്‌ടം. ഈയിടെ 1400 കോടി ലാഭം ലഭിച്ചു. ഈ സമയത്ത് പരമാവധി പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി കെ.കൃഷ്‌ണൻ കുട്ടി പറഞ്ഞു.