ghost-of-kyiv

കീവ്: യുക്രെയിൻ ജനത 'കാവൽ മാലാഖ'യെന്ന് വിളിച്ച റഷ്യൻ സേനയുടെ പേടിസ്വപ്നമായിരുന്ന 'കീവിലെ പ്രേതം' എന്നറിയപ്പെട്ടിരുന്ന യുക്രെയിൻ യുദ്ധവിമാനത്തിലെ പൈലറ്റ് കൊല്ലപ്പെട്ടു. ഇരുപത്തിയൊൻപതുകാരനായ മേജർ സ്റ്റെപാൻ താരാബൽക്കയാണ് അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്നത്. മേജറിന്റെ മരണശേഷമാണ് യുക്രെയിൻ കീവിലെ പ്രേതത്തെ വെളിപ്പെടുത്തിയത്.

മാർച്ച് 13ന് മിഗ്-29 യുദ്ധവിമാനത്തിൽ റഷ്യൻ സേനയോട് യുദ്ധം ചെയ്യവെയാണ് മേജർ കൊല്ലപ്പെട്ടത്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത് ഇപ്പോഴാണ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആറ് റഷ്യൻ വിമാനങ്ങൾ തകർത്തതിന് പിന്നാലെയാണ് യുക്രെയിൻ ജനത അദ്ദേഹത്തെ കാവൽ മാലാഖയെന്ന് വിശേഷിപ്പിച്ചത്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നതിനാൽ നിഗൂഡത നിറഞ്ഞ വ്യക്തിയായി മാറുകയും കീവിലെ പ്രേതം എന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു.

People call him the Ghost of Kyiv. And rightly so — this UAF ace dominates the skies over our capital and country, and has already become a nightmare for invading Russian aircrafts. pic.twitter.com/lngfaMN01I

— Ukraine / Україна (@Ukraine) February 27, 2022

മരണാനന്തര ബഹുമതിയായി യുക്രെയിനിന്റെ നായകൻ എന്ന പദവിയും ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഓർഡർ ഒഫ് ദി ഗോൾഡൻ സ്റ്റാർ നൽകിയും യുക്രെയിൻ ഭരണകൂടം മേജർ സ്റ്റെപാൻ താരാബൽക്കയെ ആദരിച്ചു.

പടിഞ്ഞാറൻ യുക്രെയിനിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച സ്റ്റെപാൻ കുഞ്ഞുനാളിൽ തന്നെ യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിന് ശേഷം യുക്രെയിൻ സേനയുടെ ഭാഗമാവുകയായിരുന്നു. ഒലീനയാണ് മേജർ സ്റ്റെപാന്റെ ഭാര്യ. മകൻ എട്ടുവയസുകാരനായ യാരിക്.