
വരുംകാലത്തെ നഗരജീവിതം എങ്ങനെയാകണമെന്ന് കാണിച്ചുതരുന്ന ഒരു മാതൃകാ നഗരം നെതർലാന്റ്‌സിൽ ഒരുങ്ങുകയാണ്. ലോകത്തെ പലഭാഗത്തുനിന്നുളള പ്രൊഫഷണലുകളും വാസ്‌തുശിൽപികളും രാഷ്‌ട്രീയനേതാക്കളും നഗരാസൂത്രകരും ഈ നഗരത്തിലേക്ക് എത്തുന്നു. ഇതിന്റെ മാതൃക പഠിക്കുന്നു. ആംസ്‌റ്റർഡാമിന് കിഴക്കുളള അൽമീറ നഗരത്തിന്റെ ആസൂത്രണവും ഭരണനിർവഹണവും പഠിക്കാനാണ് ഇവരെല്ലാം എത്തുന്നത്. ഡച്ച് നഗരങ്ങളിൽ ഏറ്റവും വലിയ എട്ടാമത്തെ നഗരമാണ് അൽമീറ.
നെതർലാന്റിലെ ഫ്ളെവോലാൻഡ് പ്രവിശ്യയിലെ ഒരു ആസൂത്രിത നഗരമാണ് അൽമീറ. 1959നും 1968നുമിടയിൽ ഇസാൽമേർ തടാകത്തിൽ നിന്നും കരയാക്കപ്പെട്ട പ്രദേശമാണ് പിന്നീട് അൽമീറ നഗരമായത്. ഒരു നൂറ്റാണ്ടുമുൻപ് മത്സ്യത്തൊഴിലാളികൾ വലയെറിയുന്ന കാഴ്‌ച കണ്ടിരുന്ന പ്രദേശം ഇന്ന് രണ്ട് ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന വികസിത നഗരമാണ്. ഇവിടുത്തെ പ്രത്യേകതരം നിർമ്മാണ രീതിയും മറ്റും ലോകജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. 1984ലാണ് അൽമീറ നഗരസഭയായത്.

1500ഓളം കെട്ടിടനിർമ്മാതാക്കൾക്ക് അവരുടെ ഭാവനയ്‌ക്കനുസരിച്ച് നഗരത്തിന് ഉചിതമായ തരത്തിൽ കെട്ടിട നിർമ്മാണത്തിന് സൗകര്യം നൽകി. മരങ്ങളും ജലപാതകളും പാർക്കുകളും അതിരിടുന്ന താമസസ്ഥലങ്ങൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ എന്നിവയൊരുക്കി. കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ടാണ് ഇവ സ്ഥാപിച്ചത്.
കൗതുകമുണർത്തുന്ന നിറത്തിലും ആകൃതിയിലുമുളള കെട്ടിടങ്ങളാണ് അൽമീറ ചാനലിന്റെ പരിസരത്തുളളത്. റെയിൻബോഗ്‌ബർത് എന്ന ഭാഗത്ത് കാലിഡോസ്‌കോപിക് വർണങ്ങളാണ് കെട്ടിടങ്ങൾക്ക്. ഉയരമുളള വളഞ്ഞ മഞ്ഞ വീടുകൾ, കടുംചുവപ്പ് നിറമുളള റസിഡൻഷ്യൽ ടവറുകൾ എന്നിവ ഇവിടെ കാണാം.
1982ലെ ഡിസൈൻ മത്സരത്തിൽ വിജയിച്ച കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങൾ അടങ്ങിയ എൻക്ളേവാണ് 'ഡെ ഫാന്റസി'. ഇതിൽ സ്ഥാപിച്ചിരിക്കുന്ന വീടുകളുടെ ആകൃതിയും രൂപവും ലോകമാകെയുളള കെട്ടിട നിർമ്മാതാക്കളെ ഇവിടേക്ക് ആകർഷിക്കുന്നു. ത്രികോണാകൃതിയിലെ പ്രതലത്തിൽ നിർമ്മിച്ച വീടുകൾ, മഹാഗണി, ഗ്ളാസ്, അലുമിനിയം എന്നിങ്ങനെ വിവിധ വസ്‌തുക്കൾ ചേർത്ത വീടുകൾ വരെ ഇവിടെയുണ്ട്.
എന്നാൽ ഇത്തരത്തിൽ വമ്പൻ കെട്ടിടങ്ങൾക്കിടയിൽ സാധാരണക്കാർക്കുളള കെട്ടിടങ്ങളും പ്രാദേശിക കെട്ടിടനിർമ്മാതാക്കൾ ഗുണനിലവാരത്തോടെ പണിതിട്ടുണ്ട്. 20,000 യൂറോയിൽ താഴെ വരുമാനമുളള ഇത്തരക്കാർക്ക് വേണ്ടി മികച്ച വീടുകൾ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ളണ്ടിൽ രൂപം കൊണ്ട ഒരു പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് അൽമീറയിലെ നഗരങ്ങൾ ആസൂത്രണം ചെയ്‌തത്. അൽമീറയിലെ പ്രാഥമിക രൂപരേഖ പ്രശസ്‌ത ഡച്ച് വാസ്‌തുശിൽപി റെം കൂൾഹാസാണ് തയ്യാറാക്കിയത്. ഒരു ത്രിതല നഗരമാണ് കൂൾഹാസ് സൃഷ്‌ടിച്ചത്. ഗ്രൗണ്ട് ലെവലിൽ കാർപാർക്കിംഗും ഷോപ്പിംഗും, തറനിരപ്പിൽ കെട്ടിടങ്ങൾക്ക് മുകളിൽ പച്ചപ്പും ഇദ്ദേഹം കണ്ട ആശയമാണ്. ഇപ്പോൾ അൽമീറയിലെ വികസനം ചൈനയിൽ നിന്നും യുകെയിൽ നിന്നും വരെ വിദഗ്ദ്ധർ എത്തി പഠിക്കുന്നുണ്ട്. ഈ നാടുകളിലും വികസനത്തിന് വലിയ സ്വാധീനമാണ് അൽമീറ വഹിക്കുന്നത്.