meena

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, ഇ.കെ നായനാർ എന്നിവരുടെ കാലത്ത് ഔദ്യോഗികമായി തനിക്ക് നേരിട്ട തടസങ്ങളെ വെളിപ്പെടുത്തി മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ ആത്മകഥ. ചൊവ്വാഴ്‌ച തലസ്ഥാനത്ത് പ്രകാശനം ചെയ്യപ്പെടുന്ന 'തോൽക്കില്ല ഞാൻ' എന്ന പുസ്‌തകത്തിൽ നായനാർ സർക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ പരോക്ഷമായും കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്‌തഫയ്‌ക്കെതിരെ നേരിട്ടും പരാമർശമുണ്ട്.

തൃശൂർ ജില്ലാ കളക്‌ടറായിരിക്കെ വ്യാജ കള‌ള് നിർമ്മാതാക്കൾക്കെതിരെ കർശന നടപടിയെടുത്തു. ഇതിന്റെ പേരിൽ അന്ന് എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്‌തിയറിയിച്ചു. ഇതിന്റെ പേരിൽ സ്ഥലംമാ‌റ്റമുണ്ടായി. പിന്നീട് മുഖ്യമന്ത്രി ഇ.കെ നായനാരെ കണ്ടപ്പോൾ ഇതിനുപിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയാണെന്ന് അദ്ദേഹം അറിയിച്ചെന്ന് മീണ ആത്മകഥയിൽ പറയുന്നു.

കെ.കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് സിവിൽ സപ്ളൈസ് ഡയറക്‌ടറായിരുന്നു. ഗോതമ്പ് തിരിമറിയെക്കുറിച്ചും ഗോതമ്പ് കടത്തിനെയും കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ഇതോടെ അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്‌തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസ് ബുക്കിൽ മോശം പരാമർശം എഴുതി. അർഹമായ പ്രമോഷനോ, ശമ്പളമോ മാസങ്ങളോളം ലഭിച്ചില്ല. വിട്ടുവീഴ്‌ചയില്ലാതെ സത്യസന്ധമായ സമീപനം സർവീസിൽ പുറത്തെടുത്തതിനാൽ തനിക്ക് നിരന്തരം രാഷ്‌ട്രീയമായ വേട്ടയാടൽ നേരിടേണ്ടി വന്നതായും ആത്മകഥയിലുണ്ട്.